
ദില്ലി: ഇന്ത്യയുടെ ആശങ്കകൾക്കിടെ വീണ്ടും ചൈനീസ് ഗവേഷണ കപ്പല്‍ ശ്രീലങ്കൻ തീരത്തേക്ക്. കപ്പലിന് അനുമതി നൽകിയിട്ടും വിവരം സ്ഥിരീകരിക്കാതെ ഒളിച്ചുകളി തുടരുകയാണ് ശ്രീലങ്ക. രാജ്നാഥ് സിംഗിന്റെ കൊളംബോ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നാടകീയ നീക്കങ്ങൾ.
അത്യാധുനിക ഗവേഷണ കപ്പല്‍ ഷി യാൻ സിക്സിന്‍റെ കൊളംബോ സന്ദര്‍ശനത്തിനാണ് ചൈന അനുമതി തേടിയത്. ശ്രീലങ്കൻ സമുദ്ര ഗവേഷണ ഏജൻസിയുമായി ചേര്‍ന്നുള്ള പഠനങ്ങൾക്ക് വേണ്ടി, ഒക്ടോബറില്‍ കൊളംബോ തീരത്ത് നങ്കൂരമിടാൻ അനുവദിക്കണമെന്നാണ് ആവശ്യം. 60 ജീവനക്കാരും കപ്പലിലുണ്ടാകും.
സന്ദര്‍ശനത്തിന് അനുമതി നൽകിയതായി ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ നളിൻ ഹെരാത്ത് സ്ഥിരീകരിച്ചു. എന്നാല്‍ ചൈനീസ് എംബസിയുടെ ആവശ്യം പരിഗണിച്ചുവരുന്നതേ ഉള്ളൂവെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇന്ത്യൻ വാര്‍ത്താ ഏജൻസിയോട് പ്രതികരിച്ചത്. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള യുവാന്‍ വാങ് 5 ചാരക്കപ്പൽ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ഹംബൻതോട്ട തുറമുഖത്ത് എത്തിയിരുന്നു. ചൈനീസ് നാവിക സേനയുടെ യുദ്ധക്കപ്പൽ രണ്ടാഴ്ച മുൻപ് കൊളംബോയിൽ എത്തിയപ്പോഴും ഇന്ത്യ പ്രതിഷേധിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം വാരാന്ത്യത്തിൽ ലങ്ക സന്ദര്‍ശിക്കുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ചൈനീസ് കപ്പലുകളുടെ കാര്യം ചര്‍ച്ചയിൽ ഉന്നയിക്കുമോയെന്ന് വ്യക്തമല്ല. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്നാഥ് സിംഗ് ശ്രീലങ്കയിലെത്തുന്നത്. ശ്രീലങ്കന്‍ പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെ ഉള്‍പ്പെടെയുള്ളവരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. സംയുക്തമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) ഓയിൽ ടാങ്ക് ഫാം സ്ഥാപിക്കുന്ന ട്രിങ്കോമലിയിൽ പ്രതിരോധ മന്ത്രി സന്ദർശനം നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam