'മനസ് ചുരുങ്ങുമ്പോള്‍ ഒരാള്‍ അസ്വസ്ഥനാകും'; ഐഐഎസ്‍സി വേദിയില്‍ ശ്രീ ശ്രീ രവിശങ്കര്‍

By Web TeamFirst Published Oct 12, 2019, 1:16 PM IST
Highlights

എപ്പോഴാണോ മനസ് ചുരുങ്ങുന്നത് അപ്പോള്‍ മുതല്‍ ഒരാള്‍ അസ്വസ്ഥനാകുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. എന്തിനെയെങ്കിലും എതിര്‍ക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് നിങ്ങള്‍ പഠനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബെംഗലുരു: ലോക മാനസികാരോഗ്യ ദിനത്തില്‍ ബെംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും സംവദിച്ച് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. ആത്മഹത്യ പ്രവണത, മാനസികാരോഗ്യ പ്രശ്നങ്ങളെ എങ്ങനെ നേരിടാം തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം സംസാരിച്ചത്.

എക്സലന്‍സ് ത്രൂ ഇന്നര്‍പീസ് എന്നായിരുന്നു പരിപാടിയുടെ പേര്. ശരീരത്തിനുള്ളിലാണ് മനസെന്നാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍, അത് മറ്റൊരു വഴിയേ സഞ്ചരിക്കുകയാണ്. എപ്പോഴാണോ മനസ് ചുരുങ്ങുന്നത് അപ്പോള്‍ മുതല്‍ ഒരാള്‍ അസ്വസ്ഥനാകുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. എന്തിനെയെങ്കിലും എതിര്‍ക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് നിങ്ങള്‍ പഠനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ശ്രീ ശ്രീ രവിശങ്കര്‍ ബെംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പരിപാടി നടത്തുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.  ശ്രീ ശ്രീ രവിശങ്കറിന്‍റെ മാനസികാരോഗ്യ പരിഹാരം അശാസ്ത്രീയമാണെന്ന് ആരോപിച്ചാണ് പരിപാടിക്കെതിരെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങിയ സംഘം രംഗത്ത് വന്നത്.

ഒരുകൂട്ടം പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും പരിപാടിക്കെതിരെ ഡയറക്ടറെ സമീപിക്കുകയായിരുന്നു. ശ്രീ ശ്രീ രവിശങ്കറിന്‍റെ രീതികള്‍ ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്നും പരിപാടി നടത്തിയാല്‍ സ്ഥാപനത്തിന്‍റെ സല്‍പേരിന് കളങ്കം വരുമെന്നും പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും പറഞ്ഞു. ഐഐഎസ്‍സിയുടെ ബാനറില്‍ പരിപാടി നടത്തരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. 

click me!