അതിർത്തി സംഘർഷം: ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചർച്ച റദ്ദാക്കില്ല

By Web TeamFirst Published Sep 9, 2020, 8:47 AM IST
Highlights

ഇന്ത്യൻ സൈന്യം, ചൈനീസ് പട്രോളിംഗ് സംഘത്തിനു നേരെ  ഏകപക്ഷീയമായി വെടിവച്ചുവെന്ന ആരോപണമാണ് ചൈനീസ് വിദേശകാര്യ വക്താവ് ഉന്നയിച്ചത്. എന്നാൽ ഈ ആരോപണം ഇന്ത്യ തള്ളി

ദില്ലി: അതിർത്തിയിൽ അസ്വാരസ്യം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാരുടെ ചർച്ച റദ്ദാക്കില്ല. നാളെയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനം തുടരുകയാണ്. അതിർത്തിയിൽ സംഭവിക്കുന്നതിന്റെയെല്ലാം ഉത്തരവാദിത്തം ഇന്ത്യയ്ക്കായിരിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഇന്നലെ പറഞ്ഞിരുന്നു.

ഇന്ത്യ ചൈന അതിർത്തിയിൽ കരസേനയുടെ പോസ്റ്റുകൾക്ക് അടുത്ത് കുന്തവും വടിവാളുമായി ചൈനീസ് സേന എത്തിയതിൻറെ ചിത്രങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. പിന്തിരിയാൻ ആവശ്യപ്പെട്ടപ്പോൾ ചുഷുലിലെ മുഖ്മാരിയിലാണ് ചൈനീസ് സേന ആകാശത്തേക്ക് വെടിവച്ചത്. ഇപ്പോഴും ചില സ്ഥലങ്ങളിൽ 200 മീറ്റർ വ്യത്യാസത്തിൽ ചൈനീസ് സേന തുടരുകയാണ്.

സംഘർഷസ്ഥിതിയെ തുടർന്ന് ഇരു സേനകളും ഹോട്ട്ലൈൻ വഴി ബന്ധപ്പെട്ടു. നയതന്ത്രതലത്തിലും ചില ആലോചനകൾ നടന്നു. ഇന്ത്യ ചില മലനിരകളിൽ സേനവിന്യാസം നടത്തിയത് ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ്. ചൈനീസ് സേനയുടെ നീക്കം മുൻകൂട്ടി മനസ്സിലാക്കാൻ ഇപ്പോഴത്തെ വിന്യാസം ഇന്ത്യയെ സഹായിക്കുന്നുണ്ട്. ഇന്ത്യയും ചൈനയും ഇന്നലെ പരസ്പരം പ്രതിഷേധം അറിയിച്ചു. മോസ്കോവിലെത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നാളെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെക്കാണും. ഇന്ത്യ ചൈന ചർച്ചകൾക്ക് പശ്ചാത്തലം ഒരുക്കുന്നതിൽ റഷ്യയും സഹകരിക്കുന്നുണ്ട്.

അതിർത്തിയിൽ നിന്ന് പൂർണ്ണ പിൻമാറ്റം എന്ന നിർദ്ദേശം ജയശങ്കർ മുന്നോട്ടു വയ്ക്കും. ടിക്ക്ടോക്ക് പബ്ജി തുടങ്ങിയവയുടെ നിരോധനം ചൈന ഉന്നയിക്കും. അതിർത്തിയിൽ സമാധാനം ഇല്ലാത്തപ്പോൾ മറ്റു മേഖലകളിലെ സഹകരണം തുടരാനാവില്ല എന്ന് ഇന്ത്യ അറിയിക്കും. പ്രധാനമന്ത്രി ഇന്നലെ സ്ഥിതി നേരിട്ട് വിലയിരുത്തിയിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അംഗമായ അതിർത്തി തർക്കം തീർക്കാനുള്ള സംവിധാനം അടുത്തായാഴ്ച യോഗം നടത്തും. നാളത്തെ ചർച്ചയ്ക്കു മുമ്പ് പ്രസ്താവനകളിലൂടെ അന്തരീക്ഷം കലുഷിതമാക്കേണ്ടതില്ലെന്ന നിലപാട് ഇപ്പോൾ കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. 

 

click me!