'എല്ലാറ്റിനും ഉത്തരവാദി ഇന്ത്യ', ഭീഷണി മുഴക്കി ചൈനീസ് വിദേശകാര്യ വക്താവ്, സ്ഥിതി സങ്കീർണം

By Web TeamFirst Published Sep 8, 2020, 11:34 PM IST
Highlights

അതിർത്തിയിൽ സങ്കീർണമായ അവസ്ഥ തുടരുമ്പോഴാണ് ചൈനീസ് വിദേശകാര്യവക്താവിന്‍റെ ഭീഷണി. ഇന്ത്യ പട്രോളിംഗ് സംഘത്തിനു നേരെ  ഏകപക്ഷീയമായി വെടിവച്ചുവെന്നാണ് ആരോപണം.

ദില്ലി: ഇന്ത്യ - ചൈന അതിർത്തിയിൽ ഇന്നും സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ, ഭീഷണിയുമായി ചൈനീസ് വിദേശകാര്യവക്താവ് സാവോ ലിജിയാൻ. ഇന്ത്യ ചൈനീസ് പട്രോളിംഗ് സംഘത്തിനു നേരെ  ഏകപക്ഷീയമായി വെടിവച്ചുവെന്നാണ് സാവോ ലിജിയാൻ ആരോപിക്കുന്നത്. അതിർത്തിയിൽ സംഭവിക്കുന്നതിന്‍റെയെല്ലാം ഉത്തരവാദിത്തം ഇന്ത്യക്കാകുമെന്നും സാവോ ലിജിയാൻ പറയുന്നു.

അതിർത്തിയിലേക്ക് ആയുധങ്ങളുമായി ചൈനീസ് പട്ടാളക്കാരെത്തിയതിന്‍റെ ചിത്രങ്ങൾ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യത്തെ ചില അഭിപ്രായങ്ങൾ അറിയിക്കാനാണ് ചൈനീസ് പട്രോൾ സംഘം പോയതെന്നും, ഇവരെ കണ്ട ഇന്ത്യൻ സൈന്യം വെടിയുതിർത്തുവെന്നുമാണ് ചൈനീസ് വിദേശകാര്യവക്താവിന്‍റെ ആരോപണം. ഇത് പ്രതിരോധമന്ത്രിതല ചർച്ചയിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമെന്നും ചൈന പറയുന്നു. 

: അതിർത്തിയിൽ കുന്തങ്ങളും മറ്റ് ആയുധങ്ങളുമായി നിൽക്കുന്ന ചൈനീസ് സൈന്യം

എന്നാൽ, ചൈനയുടെ ആരോപണങ്ങൾക്കെല്ലാം ഇന്ത്യ വ്യക്തമായി മറുപടി നൽകുന്നുണ്ട്. ഇന്ത്യ ഒരിടത്തേയ്ക്കും കടന്നുകയറിയിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ചൈനീസ് സേനയാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് സമീപത്തെത്തി ആകാശത്തേക്ക് വെടിയുതിർത്തത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

അതിർത്തിയിൽ ഇരുസേനകൾക്കുമിടയിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുമ്പോൾ, അതിർത്തിയിലെ സേനാകമാൻഡർമാർ നടത്തുന്ന ചർച്ചയിൽ കാര്യമായ ഫലമുണ്ടാകുന്നില്ല എന്ന് വേണം വിലയിരുത്താൻ. പല തവണ, ഇന്ത്യ- ചൈന കമാൻഡർമാർ തമ്മിൽ ജൂലൈ മുതൽ ചർച്ചകൾ നടത്തിവരികയായിരുന്നു. പ്രതിരോധമന്ത്രിമാർ തമ്മിൽ ചർച്ചകൾ നടക്കുകയും, ഇന്ത്യ - ചൈന വിദേശകാര്യമന്ത്രിമാർ തമ്മിൽ രണ്ട് ദിവസത്തിനകം ചർച്ചകൾ നടക്കാനിരിക്കുകയും ചെയ്യുമ്പോഴാണ് അതിർത്തിയിലെ സ്ഥിതി വഷളാകുന്നത്.

ഇന്ത്യൻ സേന വെടിവയ്പ്പ് നടത്തിയെന്ന് ആരോപിച്ച് ചൈന ഇന്നലെ അർദ്ധരാത്രിയാണ് രംഗത്തെത്തിയത്. ചൈനയുടെ പട്രോളിംഗ് സംഘത്തിന് നേരെ വെടിയുതിര്‍ത്തുവെന്ന പ്രസ്താവനയാണ് പീപ്പിൾസ് ലിബറേഷൻ ആര്‍മി പുറത്തുവിട്ടത്. ഇന്ത്യയുടേത് വിനാശകരമായ നീക്കമെന്നും ഇതിന് പ്രതികരണം നൽകിയെന്നും ചൈനീസ് പ്രസ്താവന പറയുന്നു. 

ചൈനയുടെ ആരോപണങ്ങൾ കരസേന തള്ളി. ഒരു ഘട്ടത്തിലും ചൈനയിലേക്ക് കടന്നുകയറുകയോ, വെടിവെക്കുകയോ ചെയ്തിട്ടില്ലെന്ന് കരസേന അറിയിച്ചു. ഇന്ത്യൻ സേനാപോസ്റ്റുകൾക്ക് അടുത്ത് വരെ ചൈനീസ് സേന എത്തുകയായിരുന്നു. മുന്നറിയിപ്പ് നൽകിയപ്പോൾ ഇന്ത്യൻ സേനയെ ഭയപ്പെടുത്താൻ ചൈനീസ് പട്ടാളം ആകാശത്തേക്ക് വെടിയുതിര്‍ത്തു. എന്നാൽ ഈ പ്രകോപനത്തിന് ശേഷവും ഇന്ത്യൻ സേന ഉത്തരവാദത്തോടെയും പക്വതയോടെയും പെരുമാറിയെന്നും പ്രസ്താവന വ്യക്തമാക്കുന്നു. 

ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും എന്തുവിലകൊടുത്തും സംരക്ഷിക്കും. ചൈനീസ് സേനയുടെ പ്രസ്താവന ചൈനയിലെ ജനങ്ങളെയും അന്താരാഷ്ട്ര സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാനാണെന്നും ഇന്ത്യ ആരോപിച്ചു. നാൽപത് കൊല്ലത്തിന് ശേഷമാണ് ചൈനീസ് അതിർത്തിയിൽ വെടിവയ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതി വിലയിരുത്തി. പ്രതിരോധമന്ത്രി രാജ്നാഥ്സിംഗിനെ കണ്ട് കരസേനാമേധാവി ജനറൽ എം എം നരവനെ സാഹചര്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

click me!