'എവിടെയാണോ, അവിടെത്തന്നെ താമസിക്കൂ, വീട്ടുവാടക തരാം,; ദില്ലിയിലെ അതിഥി തൊഴിലാളികളോട് കെജ്‍രിവാൾ

By Web TeamFirst Published Mar 29, 2020, 9:53 PM IST
Highlights

വാടക നൽകാൻ ബുദ്ധിമുട്ടുവർക്ക് സര്‍ക്കാര്‍ രണ്ടു മാസത്തെ വീട്ടുവാടക നല്‍കും. അതുപോലെ തന്നെ എല്ലാവർക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന കാര്യം സർക്കാർ ഉറപ്പാക്കും. 


ദില്ലി: താമസിക്കുന്നത് എവിടെയാണോ അവിടെത്തന്നെ തുടരാനും വീട്ടുവാടക സർക്കാർ തരാമെന്നും ദില്ലിയിലെ അതിഥി തൊഴിലാളികളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ലോക്ക് ഡൗണിനെ തുടർന്ന് നിരവധി തൊഴിലാളികൾ തങ്ങളുടെ ​​ഗ്രാമങ്ങളിലേക്ക് തിരികെ പോകാൻ ആരംഭിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഈ അഭ്യർത്ഥന. കൊറോണ വൈറസ് ബാധ തടയാന്‍ എല്ലാവരും ഇപ്പോഴുള്ള സ്ഥലത്തുതന്നെ തുടരേണ്ടത് അത്യാവശ്യമാണ്. വീട്ടുവാടക നല്‍കാന്‍ കഴിവില്ലാത്തവരുടെ വാടക സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. 

ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് നിരവധി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും വരുമാനം ഇല്ലാതാകുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികൾ തിരികെ പോകാനുള്ള പ്രധാന കാരണം ഇതാണ്. എന്നാൽ ദില്ലിയിൽ ഭക്ഷണത്തിനോ വെള്ളത്തിനോ ബുദ്ധിമുട്ടുണ്ടാകില്ലെന്നും വീട്ടുടമകള്‍ വാടക ചോദിച്ച് തൊഴിലാളികളെ ബുദ്ധിമുട്ടിക്കരുതെന്നും കെജ്‍രിവാൾ നിർദ്ദേശം നൽകി. വാടക നൽകാൻ ബുദ്ധിമുട്ടുവർക്ക് സര്‍ക്കാര്‍ രണ്ടു മാസത്തെ വീട്ടുവാടക നല്‍കും. അതുപോലെ തന്നെ എല്ലാവർക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന കാര്യം സർക്കാർ ഉറപ്പാക്കും. 

നിങ്ങള്‍ എവിടെയാണോ അവിടെത്തന്നെ തുടരണമെന്നാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചത്. അദ്ദേഹത്തിന്റെ നിർദ്ദേശം പാലിക്കാതെ ഇരുന്നാൽ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ നാം തോറ്റുപോകുമെന്നും കെജ്‍രിവാൾ മുന്നറിയിപ്പ് നൽകി. 'തൊഴിലാളികൾക്ക് താമസിക്കാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉറങ്ങാൻ സ്കൂളുകൾ സജ്ജീകരിച്ചിച്ചുണ്ട്. താമസയോ​ഗ്യമായ സ്ഥലങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്.' കെജ്‍രിവാൾ പറഞ്ഞു. കമ്യൂണിറ്റി കിച്ചൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ആവശ്യക്കാർക്ക് വേണ്ടി ദില്ലി സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. ന​ഗരത്തിലെ പല സ്ഥലങ്ങളിലായി പത്തോളം കമ്യൂണിറ്റി കിച്ചനുകളുണ്ട്.വൃത്തിയും പോഷകമ്പന്നമായതുമായ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. 


 

click me!