
ഡെറാഡൂൺ: നാല് വയസുകാരനായ കുഞ്ഞിനെ തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. തന്റെ കുഞ്ഞിന്റെ മരണത്തിന് കാരണക്കാരി രണ്ടാം ഭാര്യയാണെന്ന് കാണിച്ച് യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. തന്റെ രണ്ടാം ഭാര്യയായ പ്രിയ, മകൻ വിവാനോട് ക്രൂരമായി പെരുമാറുകയും നിസ്സാരകാര്യങ്ങൾക്ക് മർദിക്കുകയും ചെയ്യുമായിരുന്നുവെന്ന് കുട്ടിയുടെ പിതാവായ രാഹുൽ കുമാർ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ആദ്യ ഭാര്യയുടെ മരണശേഷമാണ് താൻ പ്രിയയെ വിവാഹം കഴിച്ചത്. വിവാൻ ആദ്യ ഭാര്യയിൽ ജനിച്ച കുട്ടിയായിരുന്നു.
ഒക്ടോബർ 27 ന് രാഹുൽ ജോലിക്ക് പോയ ശേഷമാണ് മകന് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയെ കുട്ടി മരിക്കുകയായിരുന്നു. രാഹുൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് സെക്ഷൻ 105 (കുറ്റകരമായ കൊലപാതകം) പ്രകാരം ഡോയിവാല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അയൽക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായും ചോദ്യം ചെയ്യുന്നതിനായി പ്രിയയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, വിവാനെ താൻ ദേഷ്യത്തിൽ തറയിൽ തള്ളിയിട്ടതായി യുവതി സമ്മതിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam