അന്തരീക്ഷമലിനീകരണം തടയുന്നതിനുള്ള നടപടി സ്വീകരിക്കണം; കത്തയച്ച് ദില്ലി മുഖ്യമന്ത്രി

By Web TeamFirst Published Sep 27, 2019, 10:44 AM IST
Highlights

'ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയെന്നത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമാണ്' 

ദില്ലി: ദില്ലിയിലെ അന്തരീക്ഷമലിനീകരണം തടയുന്നതിനായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രിക്കും പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കറിനും പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരായ അമരിന്ദര്‍ സിംഗ്, മനോഹര്‍ലാല്‍ ഖട്ടാര്‍ എന്നിവര്‍ക്കാണ് കെജ്രിവാള്‍ കത്തയച്ചത്. 

വിളവെടുപ്പിന് ശേഷം പാടങ്ങള്‍ കത്തിക്കുന്നത് ദില്ലിയിലെ അന്തരീക്ഷ മലിനീകരണതോത് വര്‍ധിപ്പിക്കുന്നതായും വിഷയത്തില്‍ എത്രയും പെട്ടന്ന് വ്യക്തവും ശക്തവുമായ നടപടികള്‍ സ്വീകരിക്കണമെന്നും കെജ്രിവാള്‍  ആവശ്യപ്പെട്ടു. 

'ശ്രമകരമായ പ്രവര്‍ത്തിയാണിത്. പക്ഷേ മലിനീകരണം തടയാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയെന്നത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമാണ്. ദില്ലിയിലെ ജനങ്ങളുടേയും സര്‍ക്കാറിന്‍റെയും പ്രവര്‍ത്തനങ്ങളുടെ ഫലമായി അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് കുറക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഇനിയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഏറ്റവും മലിനീകരിക്കപ്പെട്ട സ്ഥലങ്ങളില്‍ ആദ്യപത്തില്‍ ഏഴും ഇന്ത്യയിലുള്ളതാണ്. ഗുരുഗ്രാം, ഗാസിയാബാദ്, ഫരിദാബാദ് എന്നീ സ്ഥലങ്ങള്‍ക്ക് പിന്നാലെ പതിനൊന്നാം സ്ഥാനത്താണ് ദില്ലി. 
 

click me!