പശ്ചിമബംഗാളിൽ സ്ഥിതി സംഘർഷഭരിതം: ബന്ദ് പ്രഖ്യാപിച്ചു, ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

By Web TeamFirst Published Jun 9, 2019, 10:46 PM IST
Highlights

സംഘർഷത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ മൃതദേഹങ്ങൾ പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കാൻ ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് പൊലീസ് അനുമതി നൽകിയില്ല. ഇതേത്തുടർന്നാണ് ബിജെപി 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചത്. 

കൊൽക്കത്ത: ബിജെപി - തൃണമൂൽ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ട പശ്ചിമബംഗാളിലെ ബാസിർഹട്ട് ജില്ലയിൽ സ്ഥിതി സംഘർഷഭരിതമായി തുടരുന്നു. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ മൃതദേഹങ്ങൾ പാർട്ടി ഓഫീസിലേക്ക് എത്തിക്കാൻ ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് പൊലീസ് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി പശ്ചിമബംഗാളിൽ 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പശ്ചിമബംഗാൾ സർക്കാരിന് ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. 

പൊലീസാണ് പ്രവർത്തകരെ വെടിവച്ച് കൊന്നതെന്ന് കാട്ടി കോടതിയെ സമീപിക്കുമെന്നാണ് സംസ്ഥാന ബിജെപി ഘടകം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുമാണ് 24 നോർത്ത് പർഗാനാസ് ജില്ലയിലെ സന്ദേശ് ഖാലി എന്നയിടത്തുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ടത്. പതാക ഊരിമാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് വഴിമാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളിലുണ്ടായ ഏറ്റവും വലിയ അക്രമസംഭവമാണിത്. 

ബാസിർഹട്ട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് സംഘർഷമുണ്ടായ സന്ദേശ് ഖാലി. മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിന്‍റെ നുസ്രത് ജഹാൻ ബിജെപിയുടെ സായന്തൻ ബസുവിനെ തോൽപിച്ചെങ്കിലും സന്ദേശ് ഖാലിയിൽ മുന്നിട്ടു നിന്നത് ബിജെപിയായിരുന്നു. 

ചിത്രം: ANI_News

സംഘർഷത്തിന് വഴിമരുന്നിട്ടതാരെന്നതിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും പരസ്പരം പഴിചാരുകയാണ്. പ്രവർത്തകർ യോഗം ചേരുന്നതിനിടെ പിസ്റ്റളുകളുമായി സ്ഥലത്തെത്തിയത് ബിജെപി പ്രവർത്തകരാണെന്ന് തൃണമൂലും, തൃണമൂൽ പ്രവർത്തകർ ആദ്യം വെടിയുതിർത്തെന്ന് ബിജെപിയും ആരോപിക്കുന്നു. പശ്ചിമബംഗാൾ പൊലീസിൽ നിന്ന് നീതി കിട്ടില്ലെന്നും, ഇതിൽ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ഗവർണ കേസരി നാഥ് ത്രിപാഠിയെ കണ്ടെന്നും ബിജെപി സംസ്ഥാനഘടകം വ്യക്തമാക്കി. കൊലപാതകങ്ങൾ തടയാൻ കഴിയാത്ത പൊലീസ് ബിജെപി പ്രവർത്തകരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനും അനുവദിക്കുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു. 

''മാർച്ച് നടത്തില്ലെന്നും, സമാധാനപൂർവം മൃതദേഹങ്ങൾ പാർട്ടി ഓഫീസിലെത്തിച്ച് പിന്നീട് ദഹിപ്പിക്കാമെന്നും പൊലീസിനോട് പറഞ്ഞു നോക്കി. എന്നിട്ടും അവർ അനുവദിച്ചില്ല'', ബിജെപി ജനറൽ സെക്രട്ടറി രാഹുൽ സിൻഹ വ്യക്തമാക്കി. 

പാർട്ടി ഓഫീസിലെത്തിക്കാൻ അനുവദിച്ചില്ലെങ്കിൽ പൊതുറോഡിൽ വച്ച് മൃതദേഹം ദഹിപ്പിക്കുമെന്ന് ബിജെപി പ്രവർത്തകർ വ്യക്തമാക്കി. പിന്നീടുണ്ടായ നേരിയ സംഘർഷം പൊലീസ് ഏറെ ബുദ്ധിമുട്ടിയാണ് ശാന്തമാക്കിയത്. 

ഇടപെട്ട് അമിത് ഷായും കേന്ദ്രസർക്കാരും

പശ്ചിമബംഗാളിലെ രാഷ്ട്രീയപശ്ചാത്തലത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ തടയാൻ കഴിയാതിരിക്കുന്നത് പിടിപ്പുകേടാണെന്നും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം സംസ്ഥാനസർക്കാരിന് നൽകിയ നിർദേശത്തിൽ പറയുന്നു.  അമിത് ഷാ ബിജെപി സംസ്ഥാനഘടകത്തോടും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. 

രാഷ്ട്രീയസംഘർഷങ്ങളുടെ പേരിലാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പിൻമാറിയത്. 

click me!