കനലൊടുങ്ങാതെ ബംഗാള്‍; തിങ്കളാഴ്ച ബിജെപി ബന്ദ്, അമിത് ഷാ റിപ്പോര്‍ട്ട് തേടി

By Web TeamFirst Published Jun 9, 2019, 10:37 PM IST
Highlights

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും മമതാ ബാനര്‍ജി സര്‍ക്കാറാണ് ഉത്തരവാദിയെന്നും ആരോപിച്ച് സംസ്ഥാന ബിജെപി നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാനും ജനത്തിന് ആത്മവിശ്വാസം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് ശേഷവും കനലൊടുങ്ങാതെ ബംഗാള്‍. ശനിയാഴ്ചത്തെ നോര്‍ത്ത് 24 പാരഗണാസിലെ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടതോടെയാണ് ബാസിർഹട്ട് ജില്ലയിൽ സംഘര്‍ഷം രൂക്ഷമായത്.  മൃതദേഹങ്ങള്‍ കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ ബന്ദ് നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു. 

12ന് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് മാര്‍ച്ച് നടത്താനും ബിജെപി തീരുമാനിച്ചു. ഇരുപാര്‍ട്ടി പ്രവര്‍ത്തകരും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്. പാര്‍ട്ടി പതാകകളും ചിഹ്നങ്ങളും ഓഫിസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും മമതാ ബാനര്‍ജി സര്‍ക്കാറാണ് ഉത്തരവാദിയെന്നും ആരോപിച്ച് സംസ്ഥാന ബിജെപി നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാനും ജനത്തിന് ആത്മവിശ്വാസം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

അതേസമയം, സംസ്ഥാനത്ത് പ്രശ്നങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയാണ് ബിജെപി ലക്ഷ്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ശനിയാഴ്ച രാത്രിയാണ് നോര്‍ത്ത് 24 പാരഗണാസില്‍ തൃണമൂല്‍-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടത്. അഞ്ചിലേറെ പ്രവര്‍ത്തകരെ കാണാനില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. നിരോധനാജ്ഞ മറികടന്ന് ബിജെപി പ്രവര്‍ത്തകര്‍ ജയഘോഷയാത്ര നടത്തിയതിനെ തുടര്‍ന്ന് പൊലീസുമായും സംഘര്‍ഷമുണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ബിജെപിയുണ്ടാക്കിയത്. 42 സീറ്റില്‍ 18 എണ്ണം നേടി തൃണമൂല്‍ കോണ്‍ഗ്രസിനെ ബിജെപി ഞെട്ടിച്ചു. തെരഞ്ഞെടുപ്പിന് മുമ്പും സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും സംഘര്‍ഷമുണ്ടായിരുന്നു. 

click me!