യുപിയിലെ ആശുപത്രിയിൽ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കൾ തിന്നു; ബന്ധുക്കൾ ഉപേക്ഷിച്ചതെന്ന് അധികൃതർ

Published : Feb 12, 2025, 10:52 AM IST
യുപിയിലെ ആശുപത്രിയിൽ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കൾ തിന്നു; ബന്ധുക്കൾ ഉപേക്ഷിച്ചതെന്ന് അധികൃതർ

Synopsis

ഞായറാഴ്ച വൈകുന്നേരം മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയെന്നും ബന്ധുക്കൾ ഉപേക്ഷിതാണെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. 

ലക്നൗ: ഉത്തർപ്രദേശിലെ ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കൾ കടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവാദം. ലളിത്പൂരിലെ മെഡിക്കൽ കോളേജിൽ മരിച്ച ശിശുവിന്റെ മൃതദേഹമാണ് അതേ ആശുപത്രിയുടെ പരിസരത്തു തന്നെ തെരുവ്നായ്ക്കൾ പകുതിയോളം ഭക്ഷിച്ചത്. കണ്ടുനിന്ന ആളുകൾ നായകളെ ഓടിച്ചപ്പോഴേക്കും ശരീരത്തിന്റെ തലഭാഗം മുഴുവനായി വേർപ്പെട്ടിരുന്നു. കുട്ടിയുടെ കുടുംബമാണ് ഈ സംഭവത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ലളിത്പൂർ മെഡിക്കൽ കോളേജിലെ ജില്ലാ വിമൺസ് ഹോസ്പിറ്റലിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഈ കുട്ടി ജനിച്ചത്. ജന്മനാ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ സ്പെഷ്യൽ ന്യൂബോൺ കെയർ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് ഭാരം കുറവായിരുന്നു. തലയും പൂർണമായി വളർന്നിരുന്നില്ല. 

കുഞ്ഞിന് 1.300 കിലോഗ്രാം ഭാരമാണ് ഉണ്ടായിരുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മീനാക്ഷി സിങ് പറ‌ഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോൾ മിനിറ്റിൽ 80 തവണ ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിയുമോ എന്ന സംശയത്തിനിടെ വൈകുന്നേരത്തോടെ കുഞ്ഞ് മരണപ്പെട്ടു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

ബന്ധുവിന്റെ വിരലടയാളം വാങ്ങിയാണ് മൃതദേഹം കൈമാറിയതെന്ന് ആശുപത്രി അധികൃതർ പറ‌ഞ്ഞു. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരമാണ് ഒരു കുഞ്ഞിന്റെ മൃതദേഹം തെരുവ്നായ്ക്കൾ കടിച്ചുവലിക്കുന്നുവെന്ന വിവരം അറിയിച്ചത്. പരിശോധിച്ചപ്പോൾ തലയറ്റ നിലയിൽ മൃതദേഹം കണ്ടു. കുഞ്ഞിന്റെ മാതാപിതാക്കൾ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചുവെന്നാണ് അധികൃതർ ആരോപിക്കുന്നത്. 

കൈയിൽ ആശുപത്രിയുടെ ടാഗ് ഉണ്ടായിരുന്നതിനാലാണ് തിരിച്ചറിയാൻ കഴിഞ്ഞത്. പൊലീസ് എത്തുംമുമ്പ് മൃതദേഹം മാറ്റിയെന്നും അധികൃതർ പറഞ്ഞു. സംഭവം അന്വേഷിക്കാൻ ലളിത്പൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നാല് ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചു. ഇവരോട് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായി; വാക്കാൽ പരാമർശവുമായി സുപ്രീം കോടതി
പാചകവാതക വിലവർധന: പ്രതിസന്ധി രൂക്ഷം; തമിഴ്നാട്ടിൽ ഹോട്ടലുകൾ നിയന്ത്രണത്തിലേക്ക്, കേന്ദ്രത്തിനെതിരെ ഡിഎംകെ