
വിജയവാഡ: ആന്ധ്ര പ്രദേശിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയായ 'സ്ത്രീ ശക്തി' വൻ വിജയം. ഈ പദ്ധതി പ്രകാരം 30 മണിക്കൂറിനുള്ളിൽ 12 ലക്ഷത്തിലധികം വനിതാ യാത്രക്കാർ സൗജന്യ യാത്ര നടത്തി. സംസ്ഥാന സർക്കാരിന്‍റെ സൂപ്പർ സിക്സ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പദ്ധതി അവലോകനം ചെയ്ത് ആവശ്യമായ നിർദേശങ്ങൾ നൽകി. യാത്രക്കാരികളുടെ അഭ്യർത്ഥന മാനിച്ച് ഘട്ട് റോഡുകളിലൂടെ ഓടുന്ന ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ മുഖ്യമന്ത്രി ആർടിസി ബസുകൾക്ക് നിർദേശം നൽകി. തിങ്കളാഴ്ച മുതൽ കൂടുതൽ സ്ത്രീകൾ പ്രത്യേകിച്ച് ജോലിക്ക് പോകുന്നവർ ആർടിസി ബസുകളിൽ യാത്ര ചെയ്യാൻ സാധ്യതയുള്ളതിനാൽ, അതിനനുസരിച്ച് ക്രമീകരണങ്ങൾ ചെയ്യാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആധാർ കാർഡ് മാത്രമല്ല സ്ഥലം എവിടെയെന്ന് തെളിയിക്കുന്ന മറ്റ് തിരിച്ചറിയൽ കാർഡുകളും സൗജന്യ യാത്രയ്ക്ക് ഉപയോഗിക്കാം. യഥാർത്ഥ ആധാർ കാർഡുകൾക്കും ഫോട്ടോ കോപ്പികൾക്കും പുറമെ, ആധാറിന്റെ സോഫ്റ്റ് കോപ്പികളും അനുവദിക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. 'സ്ത്രീ ശക്തി' ഒരു ക്ഷേമ നടപടി മാത്രമല്ല, സുരക്ഷിതവും പ്രാപ്യവും സൗജന്യവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിലൂടെ സ്ത്രീകളെയും ട്രാൻസ്‌ജെൻഡർ സമൂഹങ്ങളെയും ശാക്തീകരിക്കുന്നതിനുള്ള ചുവടുവെപ്പാണെന്ന് ചന്ദ്രബാബു നായിഡു സർക്കാർ പറഞ്ഞു.