ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ ഗൊരഖ്പുരിൽ വെച്ച് പശു പാഞ്ഞടുത്തു. സുരക്ഷാ ഉദ്യോഗസ്ഥർ തക്കസമയത്ത് ഇടപെട്ട് അപകടം ഒഴിവാക്കി. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരു മുനിസിപ്പൽ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു.

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു. അദ്ദേഹം കാറിൽ നിന്നിറങ്ങിയപ്പോഴാണ് പശു പാഞ്ഞടുത്തത്. ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ പശു മുഖ്യമന്ത്രിക്കടുത്തെത്താതെ തടഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഗൊരഖ്പുർ മുനിസിപ്പൽ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഗൊരഖ്പുർ മുനിസിപ്പാലിറ്റിയിലെ ഗോരഖ്നാഥ് ഓവർബ്രിഡ്ജ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴാണ് സംഭവമുണ്ടായത്. ഞായറാഴ്ച ഇതിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയും ഒരു മുനിസിപ്പൽ കോർപ്പറേഷൻ സൂപ്പർവൈസറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. എംപി രവി കിഷനാണ് ആദ്യം വാഹനത്തിൽ നിന്ന് ഇറങ്ങിയത്. മുഖ്യമന്ത്രി പിന്നാലെ എത്തിയപ്പോൾ ഒരു പശു കാറിനടുത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ പശുവിനെ തടഞ്ഞുനിർത്തി ഓടിച്ചു. പിന്നാലെ, സുരക്ഷാ പരിധി ലംഘിച്ച മൃഗം എങ്ങനെ കടന്നുവെന്ന് അന്വേഷിക്കാൻ മുനിസിപ്പൽ കമ്മീഷണർ ഗൗരവ് സിംഗ് സോഗ്രവാൾ ഉത്തരവിട്ടു.

പ്രാഥമിക അന്വേഷണത്തിൽ മുനിസിപ്പൽ കോർപ്പറേഷൻ സൂപ്പർവൈസർ അരവിന്ദ് കുമാറിന്റെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായതായി കണ്ടെത്തി. പ്രദേശത്തെ പൗര ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം കുമാറിനായിരുന്നു. വിവിഐപി സുരക്ഷയിലെ ഏതെങ്കിലും വീഴ്ച അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ക്രമീകരണങ്ങൾ പുനഃപരിശോധിക്കുകയും കർശനമാക്കുകയും ചെയ്യുമെന്ന് സോഗ്രവാൾ പറഞ്ഞു.

ഉത്തർപ്രദേശിലെ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്നം സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പലപ്പോഴും ഉന്നയിച്ചിട്ടുണ്ട്. ഡിസംബർ 2ന്, വാരണാസിയിലെ നമോ ഘട്ടിൽ നടന്ന കാശി തമിഴ് സംഘം 4.0 പരിപാടിക്കിടെ, മദ്യപിച്ച ഒരാൾ ആദിത്യനാഥിന്റെ സുരക്ഷാ വലയം ഭേദിച്ച് വേദിയിലേക്ക് എത്തി. മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലെ കമാൻഡോകളാണ് മാനസിക രോഗിയായ ഇയാളെ പിടികൂടിയത്.