
ബംഗ്ലൂരു : കേരളത്തിൽ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎൻ 1 സ്ഥിരീകരിച്ച സാഹചര്യത്തിലും
കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലും ജാഗ്രതാ നടപടികളിലേക്ക് കടന്ന് അയൽ സംസ്ഥാനങ്ങൾ. കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അടിയന്തര യോഗം വിളിച്ചു. ഒരിടവേളക്ക് ശേഷം കൊവിഡ് പടരുന്നതിൽ ശ്രദ്ധ വേണമെന്ന് എല്ലാ ജില്ലാ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകി.
കേരളത്തിൽ സ്ഥിരീകരിച്ച ജെ. എൻ. 1 എന്ന കൊവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങൾ പരിശോധിക്കും. ആശുപത്രികളിൽ പനിയുമായി എത്തുന്നവർക്ക് കർശന സ്‌ക്രീനിംഗ് നടത്താനും നിർദേശം നൽകി. അതിർത്തി മേഖലകളിലെ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്. എല്ലാ ജില്ലാ ആശുപത്രികളും നാളത്തോടെ ഓക്സിജൻ സിലിണ്ടറുകൾ, ഐസിയു കിടക്കകൾ, മരുന്നുകൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ എന്നിവയുടെ സ്റ്റോക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ആരോഗ്യകുപ്പ് നിര്‍ദ്ദേശിച്ചു. മോക്ക് ഡ്രില്ലുകൾ നടത്താൻ ഉള്ള തയ്യാറെടുപ്പ് നടത്താനും നിർദേശം.
കേരളത്തില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ലോകത്ത് നിലവിൽ കൂടുതൽ പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎൻ 1. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ. INSACOG പഠനത്തിൽ ആണ് കേരളത്തില്‍ ഒമിക്രോണ്‍ ജെഎൻ 1 കണ്ടെത്തിയത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമാണ് INSACOG. ലോകത്ത് പടർന്ന് പിടിക്കുന്ന ഒമിക്രോൺ ഉപവകഭേദമാണ് ഇത്. വ്യാപന ശേഷി കൂടുതലാണ് എന്നുള്ളതാണ് ഈ വകഭേദത്തെ അപകടകാരിയാക്കുന്നത്. ഒമിക്രോണിന്‍റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam