രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക്: 60-ന് മുകളിലുള്ളവരോ കുട്ടികളോ പുറത്തിറങ്ങരുത്

By Web TeamFirst Published Mar 19, 2020, 7:36 PM IST
Highlights

ആരോഗ്യകാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നത മന്ത്രിതല സമിതിയാണ് തീരുമാനമെടുത്തത്. കർശനനിയന്ത്രണങ്ങളാണ് രാജ്യമെമ്പാടും ഏർപ്പെടുത്താൻ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ രാത്രി 8 മണിക്ക് അഭിസംബോധന ചെയ്യും.

ദില്ലി: കൊവിഡ് 19-ന്‍റെ സാമൂഹ്യ വ്യാപനം തടയുന്നതിനായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. പഞ്ചാബിൽ 72-കാരൻ മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം നാലായി ഉയർന്നു. 167 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 25 പേർ വിദേശികളാണ്. ഇറാനിൽ കൊവിഡ് രോഗം ബാധിച്ച് ഒരു ഇന്ത്യൻ പൗരൻ മരിച്ചു. ഇറ്റലിയിൽ നാല് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 

രാജ്യത്ത് ഇതുവരെ കൊവിഡിന്‍റെ സാമൂഹ്യവ്യാപനമുണ്ടായിട്ടില്ല (COMMUNITY SPREAD) എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതായത്, എവിടെ നിന്നാണ് രോഗം പ‍ടർന്നിരിക്കുക എന്ന് രോഗികൾക്ക് കൃത്യമായി കണ്ടെത്താൻ കഴിയുന്ന സ്ഥിതി തന്നെയാണ് ഇപ്പോഴുമുള്ളത്. എന്നാൽ രോഗവ്യാപനം രണ്ടാംഘട്ടത്തിലാണ് എന്നത് അതീവ ജാഗ്രത പുലർത്തേണ്ട സമയമാണ് എന്നത് വ്യക്തമാക്കുന്നതാണ്. അതിനാൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകാൻ രാജ്യം നിർബന്ധിതമായിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കടുത്ത നിയന്ത്രണങ്ങൾ

രാജ്യത്ത് 65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുതെന്ന് കേന്ദ്രസർക്കാർ നി‍ർദേശിക്കുന്നു. കൊവിഡ് വ്യാപനം തടയാനും, രോഗബാധയുടെ പ്രത്യാഘാതം കുറയ്ക്കാനുമാണിത്. ഇതിൽ സർക്കാർ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ആരോഗ്യപ്രവർത്തകർക്കും മാത്രമേ ഇളവ് നൽകൂ. 

അതേസമയം, വിദേശയാത്രാ വിമാനങ്ങൾക്ക് 22-ാം തീയതി പുലർച്ചെ 5.30- മുതൽ ഇന്ത്യയിലെ ഒരു വിമാനത്താവളങ്ങളിലും ലാൻഡ് ചെയ്യാൻ അനുമതിയുണ്ടാകില്ല. അതേസമയം ഇറ്റലിയിലെ റോമിലേക്കും ഇറാനിലേക്കും ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാകില്ല. മാർച്ച് 21-ന് റോമിലേക്ക് ഒരു 787- ഡ്രീംലൈനർ വിമാനം സർവീസ് നടത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ളതാണ് ഈ വിമാനം. ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെയും തിരികെയെത്തിക്കാൻ ഒരു വിമാനം ഏർപ്പെടുത്തിയേക്കും. 

സംസ്ഥാനങ്ങൾക്ക് അവശ്യ സർവീസുകൾ ഒഴികെ ബാക്കിയെല്ലാ സേവനങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കാൻ നിർദേശം നൽകാവുന്നതാണ്. സ്വകാര്യ സർവീസുകളോട് പരമാവധി 'വർക് ഫ്രം ഹോം' അഥവാ വീട്ടിൽത്തന്നെ ജോലി ചെയ്യുന്ന തരത്തിലുള്ള ജോലി ക്രമീകരണം നടത്താൻ നിർദേശവും കേന്ദ്രം നൽകുന്നു.

നേരത്തേ കമ്മ്യൂണിറ്റ് സ്പ്രെഡ്, അഥവാ സാമൂഹ്യവ്യാപനത്തിലേക്ക് ഇന്ത്യ പോയെന്ന സംശയം ഉയർന്നിരുന്നു. അത്തരം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതെല്ലാം കേന്ദ്രസർക്കാർ തള്ളിക്കളയുകയാണ്. ഇന്ത്യയിലെ മുന്നൊരുക്കങ്ങളിൽ ലോകാരോഗ്യസംഘടന സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. സാമൂഹ്യവ്യാപനത്തിലേക്ക് കടക്കാതിരിക്കാൻ എല്ലാ ജാഗ്രതാ നടപടികളും സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇതിന്‍റെ ഭാഗമായി പൊതുഗതാഗതസംവിധാനങ്ങളിലും വിപുലമായ നിയന്ത്രണങ്ങൾ കൊണ്ടുവരും. റെയിൽവേയിലും വിമാനസ‍ർവീസുകളിലും കൺസഷൻ സംവിധാനങ്ങളെല്ലാം തൽക്കാലത്തേക്ക് മരവിപ്പിക്കുകയാണ്. വിദ്യാർത്ഥികൾക്കും, രോഗികൾക്കും, ദിവ്യാംഗ് വിഭാഗങ്ങളിൽ പെട്ടവർക്കും ഒഴികെ ബാക്കിയെല്ലാവർക്കുമുള്ള പ്രത്യേക യാത്രാ ഇളവുകളെല്ലാം മരവിപ്പിക്കപ്പെടും.

സർക്കാർ ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ 'വർക് ഫ്രം ഹോം' ഏർപ്പെടുത്തിയതായും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ഉദ്യോഗസ്ഥരിൽ 50 ശതമാനം പേർക്ക് ഇനി വീട്ടിലിരുന്ന് ജോലി ചെയ്യാം. അതനുസരിച്ചുള്ള ക്രമീകരണങ്ങൾ തയ്യാറാക്കണമെന്നും, ജോലി സമയക്രമീകരണം ആ രീതിയിൽ വേണമെന്നും കേന്ദ്രസർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

ദില്ലിയിൽ റസ്റ്റോറന്‍റുകളടയ്ക്കുന്നു, കനത്ത നിയന്ത്രണം

ദില്ലിയിൽ 20- പേരിലധികം കൂട്ടം കൂടി നിൽക്കരുതെന്ന് കർശന നിയന്ത്രണവുമായി ദില്ലി സർക്കാർ രംഗത്തെത്തി. റസ്റ്റോറന്‍റുകളെല്ലാം മാർച്ച് 31 വരെ അടച്ചിടാൻ നി‍ർദേശം നൽകി. അതേസമയം, ടേക്ക് എവേ കൗണ്ടറുകളും, വീട്ടിലേക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളും പ്രവർത്തനം തുടരും.

ഒരു തരത്തിലും ആളുകൾ കൂട്ടം കൂടി നിൽക്കരുത്. 20 പേരിലധികം കൂട്ടം കൂടി നിൽക്കുന്ന തരത്തിൽ ഒരു പരിപാടിയും നടത്തരുത്. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, അക്കാദമിക് പരിപാടികളൊന്നും നടത്താൻ പാടില്ല.

click me!