
ദില്ലി: ബ്രിജ് ഭൂഷനെതിരെ സമരം തുടർന്ന് ഗുസ്തി താരങ്ങൾ. കറുത്ത ബാഡ്ജ് ധരിച്ച് ഗുസ്തി താരങ്ങൾ കരിദിനം ആചരിക്കുകയാണിന്ന്. അതിനിടെ, രാജ്യത്തെ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് താരങ്ങൾ രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിൽ തങ്ങളെ ടാഗ് ചെയ്ത് പ്രതിഷേധം അറിയിക്കാൻ താരങ്ങൾ അഭ്യർത്ഥിച്ചു.
പ്രതീക്ഷയോടെയാണ് സമരം നടത്തുന്നത്. രാജ്യത്തെ വനിതകളുടെ ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം ആണ്. നേരിട്ട അനീതി ഒളിപ്പിക്കാൻ ആണ് ദില്ലി പൊലീസ് ശ്രമിക്കുന്നത്. അതിൻ്റെ ഭാഗമായാണ് അന്വേഷണം വൈകിപ്പിക്കുന്നത്. സത്യം ഒളിപ്പിച്ച് വെയ്ക്കാൻ കഴിയുന്ന ഒന്നല്ലെന്നും താരങ്ങൾ പറഞ്ഞു. അതേസമയം, കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് മുൻപാകെ രേഖപ്പെടുത്തി. മറ്റുള്ളവരുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഗുസ്തി ഫെഡറേഷനിൽ നിന്ന് കൂടുതൽ രേഖകൾ പൊലീസ് തേടിയിട്ടുണ്ട്. കായിക താരങ്ങൾ പരാതിപ്പെട്ട ടൂർണ്ണമെൻ്റുകളുടെ വിശദാംശങ്ങളാണ് തേടിയത്. ടൂർണ്ണമെൻ്റുകൾക്കിടയിലും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് താരങ്ങൾ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.
ബ്രിജ് ഭൂഷണെ വെല്ലുവിളിച്ച് ഗുസ്തി താരങ്ങൾ; നാർകോ പരിശോധനക്ക് തയ്യാറുണ്ടോയെന്ന് സാക്ഷി
ഈ മാസം 21 വരെ രാപ്പകൽ സമരം തുടരും. 21 ന് യോഗം ചേർന്ന് സമരത്തിന്റെ ഭാവി തീരുമാനിക്കുമെന്ന് ദിവസങ്ങൾക്കുമുമ്പ് ഗുസ്തി താരങ്ങൾ അറിയിച്ചിരുന്നു. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് രാകേഷ് ടിക്കായത്തും മറ്റ് കർഷക നേതാക്കളും എത്തിയിരുന്നു. ഞങ്ങളുടെ പെൺമക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞിട്ടുണ്ട്.
'പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു': ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങളുടെ മൊഴി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam