
ചെന്നൈ: പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇ മെയിൽ അയച്ച തഞ്ചാവൂർ സ്വദേശിയായ ഗവേഷക വിദ്യാർഥിയെ സിബിഐ കസ്റ്റഡിയിലെടുത്തു. ഒരു ദിവസത്തിലേറെയായി വിക്ടർ ജെയിംസ് രാജ എന്ന യുവാവിനെ സിബിഐ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. യുവാവ് അയച്ച ഇ മെയിലിന്‍റെ ഉള്ളടക്കം എന്താണെന്ന് സിബിഐ പുറത്തുവിട്ടിട്ടില്ല. ഇന്നലെ പുലർച്ചെ ഏഴരയോടെയാണ് ദില്ലിയിൽ നിന്നുള്ള സിബിഐ സംഘം തഞ്ചാവൂരിലെ പാപനാശത്തുള്ള വിക്ടർ ജെയിംസിന്‍റെ വീട്ടിലെത്തിയത്.
ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇമെയിൽ അയച്ച വിഷയത്തിൽ ചോദ്യം ചെയ്യാനുണ്ട് എന്നറിയിച്ച ശേഷം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പുതുക്കോട്ടയിലെത്തിച്ച് യുവാവിനെ 24 മണിക്കൂറിലേറെയായി ചോദ്യം ചെയ്യുകയാണ്. വിവരമറിഞ്ഞെത്തിയ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥർക്ക് വിക്ടർ ജെയിംസിനെ കാണാൻ സിബിഐ അനുവദിച്ചിട്ടില്ല. ഇമെയിലിന്‍റെ ഉള്ളടക്കവും സംസ്ഥാന പൊലീസിനോട് വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം.
തഞ്ചാവൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എൻട്രപ്രനർഷിപ് ആന്‍റ് മാനേജ്മെന്‍റിൽ ഓർഗാനിക് ഫാമിംഗ് ഗവേഷക വിദ്യാർത്ഥിയാണ് വിക്ടർ ജെയിംസ് രാജ. ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും സ്വന്തം അഭിപ്രായങ്ങളും വിക്ടർ ജെയിംസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. പഠനവിവരങ്ങൾ സംബന്ധിച്ച് അധികൃതർക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമൊക്കെ യുവാവ് കത്തയക്കാറുണ്ടെന്നാണ് മാതാപിതാക്കൾ പറയുന്നത്. മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള വിക്ടർ ജെയിംസ് മുൻപ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടതായി വിവരമില്ല.
Read More : മോദിയെ നോബെൽ സമാധാന പുരസ്ക്കാരത്തിന് പരിഗണിച്ചെന്ന വാര്‍ത്ത തള്ളി നോർവീജിയൻ നോബെൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ