
ഹൈദരാബാദ്: കോളേജിന്റെ മൂന്നാം നിലയിൽ നിന്ന് വിദ്യാർത്ഥി ചാടി മരിച്ചു. പതിനാറുകാരനായ വിദ്യാർത്ഥി ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങി മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ജൂനിയർ കോളേജിലെ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്.
രാവിലെ 10:15നാണ് വിദ്യാർത്ഥി നാരായണ ജൂനിയർ കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടിയത്. ചെരിപ്പ് അഴിച്ച ശേഷം ക്ലാസ് മുറിയിൽ നിന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥി നേരെ താഴേയ്ക്ക് ചാടുകയായിരുന്നു. ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ കുട്ടി ക്ലാസ് മുറി വിട്ടിറങ്ങുന്നത് സിസിടിവി വീഡിയോയിൽ കാണാം. വിദ്യാർത്ഥി താഴേയ്ക്ക് ചാടിയതിന് പിന്നാലെ എന്താണ് സംഭവിച്ചതെന്ന് നോക്കാനായി സഹപാഠികൾ ക്ലാസ് മുറിയിൽ നിന്ന് പുറത്തേയ്ക്ക് ഓടി വരുന്നതും വീഡിയോയിലുണ്ട്.
അവധി കഴിഞ്ഞ് ഇന്ന് രാവിലെയാണ് വിദ്യാർത്ഥി കോളേജിൽ തിരിച്ചെത്തിയതെന്ന് പൊലീസ് ഓഫീസർ ടി വെങ്കിടേശുലു പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനിടെ കോളേജ് അധികൃതർക്ക് എതിരെ ഗുരുതര ആരോപണവുമായി മരിച്ച വിദ്യാർത്ഥിയുടെ പിതാവ് രംഗത്തെത്തി. മകൻ ആത്മഹത്യ ചെയ്യാൻ കാരണം ഫീസ് അടയ്ക്കാത്തത് ചോദ്യം ചെയ്തതിനാലാണെന്നും രാവിലെ മകനെ കോളേജിൽ വിടാൻ വന്നപ്പോൾ ഫീസ് നൽകാമെന്ന് കോളേജ് അധികൃതരോട് താൻ പറഞ്ഞിരുന്നതായും പിതാവ് ആരോപിച്ചു. പിതാവിന്റെ ആരോപണത്തോട് കോളേജ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam