
ഭോപ്പാൽ: 18കാരനായ വിദ്യാർത്ഥി അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. 26 വയസ്സുകാരിയായ ഗസ്റ്റ് ടീച്ചറെയാണ് തീ കൊളുത്തിയത്. മധ്യപ്രദേശിലെ നർസിംഗ്പൂർ ജില്ലയിലെ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ എക്സലൻസ് സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥിയായ സൂര്യൻഷ് കോച്ചറാണ് പ്രതി. അധ്യാപിക തനിക്കെതിരെ നൽകിയ പരാതിയെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പ്രതി ഒരു കുപ്പി നിറയെ പെട്രോളുമായി അധ്യാപികയുടെ വീട്ടിലെത്തി. ഒന്നും പറയാതെ ഇയാൾ അധ്യാപികയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊള്ളലേറ്റ അധ്യാപികയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
സൂര്യൻഷ് അധ്യാപികയോട് നേരത്തെ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. തുടർന്ന് സ്കൂളിൽ നിന്ന് വിദ്യാർത്ഥിയെ പുറത്താക്കി. ഇതോടെ മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രതി നടത്തിയ മോശം പരാമർശത്തിനെതിരെ അധ്യാപിക പരാതി നൽകിയിരുന്നുവെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിഒപി) മനോജ് ഗുപ്ത പറഞ്ഞു. തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഐപിസി 124എ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam