
ഡറാഡൂൺ: ദളിത് പാചകം ചെയ്ത ഭക്ഷണം ഒരുപറ്റം വിദ്യാർത്ഥികൾ ബഹിഷ്കരിച്ച് വിവാദമായ ഉത്തരാഖണ്ഡിലെ സർക്കാർ സ്കൂളിൽ വീണ്ടും സമാന പ്രശ്നവുമായി വിദ്യാർത്ഥികൾ. ഡിസംബറിൽ വിദ്യാർത്ഥികൾ ഭക്ഷണം ബഹിഷ്കരിച്ചതോടെ പിരിച്ചുവിട്ട സുനിതാ ദേവിയെ സ്കൂളിൽ തിരിച്ചെടുത്തിരുന്നു. ഇവർ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കില്ലെന്നാണ് എട്ടോളം കുട്ടികൾ ഇപ്പോൾ പറയുന്നതെന്ന് ചമ്പാവത്ത് ജില്ലയിലെ സ്‌കൂൾ പ്രിൻസിപ്പൽ പ്രേം സിംഗ് പറഞ്ഞു. മാർച്ച് അവസാനം മുതൽ സ്കൂളിൽ ഉച്ചഭക്ഷണം പുനരാരംഭിച്ചിരുന്നു.
ഒടുവിൽ ചമ്പാവത്ത് ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം), നരേന്ദർ സിംഗ് ഭണ്ഡാരി, ഈ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി വെള്ളിയാഴ്ച ഒരു മീറ്റിംഗ് നടത്തുകയും കുട്ടികൾ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു.
“ഇന്ന്, ജില്ലാ മജിസ്ട്രേറ്റും കുറച്ച് പൊലീസ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായും കൂടിക്കാഴ്ച നടത്തി ഭക്ഷണം ബഹിഷ്‌കരിക്കുന്നത് നിർത്താൻ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. സ്‌കൂളിൽ നിന്ന് തന്നെ ഉദ്യോഗസ്ഥർ ഭക്ഷണം കഴിച്ചു. എന്നിരുന്നാലും, ഈ 7-8 വിദ്യാർത്ഥികൾ ഇപ്പോഴും ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയാണ്. അവർ ചോറ് കഴിക്കുന്നില്ലെന്നാണ് പറയുന്നത് ” പ്രിൻസിപ്പൽ പറഞ്ഞു.
പ്രിൻസിപ്പലും രക്ഷിതാക്കളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. “കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് ഞങ്ങൾ അവർക്ക് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ചത്തെ മീറ്റിംഗിൽ, ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് കുട്ടികളോട് സംസാരിക്കാമെന്ന് രക്ഷിതാക്കൾ ഞങ്ങൾക്ക് ഉറപ്പുനൽകി, എന്നാൽ വിദ്യാർത്ഥികളുടെ മേൽ സമ്മർദ്ദം ചെലുത്തരുതെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടു, ”അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബർ 13 മുതൽ സ്‌കൂളിലെ 66 വിദ്യാർഥികൾ സുനിത തയാറാക്കിയ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചിരുന്നു. ഡിസംബർ 23 ന് ചമ്പാവത്ത് ജില്ലാ ഉദ്യോഗസ്ഥർ ദളിത് പാചകക്കാരിയെ, നിയമനത്തിലെ നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി പിരിച്ചുവിട്ടു. ഇവരെ ഇപ്പോൾ വീണ്ടും തിരിച്ചെടുത്തിരിക്കുകയാണ്.