മൂന്ന് വർഷമായി കെട്ടിടമില്ലാതെ സർക്കാർ സ്കൂൾ; വിദ്യാർത്ഥികളെ മരച്ചുവട്ടിലിരുത്തി ക്ലാസ് നടത്തി അധ്യാപകർ

By Web TeamFirst Published Dec 7, 2019, 4:29 PM IST
Highlights

ടിഡിപി സർക്കാരിന്റെ കാലത്ത് 2016ലാണ് പ്രദേശത്ത് ഏകാധ്യാപക വിദ്യാലയം നിലവിൽ വരുന്നത്. സ്കൂൾ നിർമ്മാണത്തിനായി തറക്കല്ലിട്ടുവെങ്കിലും വിവധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിർത്തുകയായിരുന്നു. 

ഹൈദരാബാദ്: കെട്ടിടമില്ലാത്തതിനെ തുടർന്ന് സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളെ തുറസ്സായ സ്ഥലത്തിരുത്തി പഠിപ്പിക്കാൻ നിർബന്ധിതരായി അധ്യാപകർ. ആന്ധ്രാപ്രദേശിലെ ശ്രീകാകുലം ജില്ലയിലെ പ്രൈമറി സ്കൂളിലാണ് സംഭവം. ആവശ്യത്തിന് കെട്ടിടങ്ങൾ ഇല്ലാത്തതിനാൽ കഴിഞ്ഞ മൂന്ന് വർഷമായി കുട്ടികൾ പഠിക്കുന്നത് പുറത്തിരുന്നാണെന്ന് അധികൃതർ പറയുന്നു.

അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് ദേവകിവട ഗ്രാമത്തിലെ ഒരു സ്ഥലം മദുവാലസ റിസർവോയർ നിർമാണത്തിനായി ഏറ്റെടുക്കുകയും കിൻജംഗി ഗ്രാമത്തിന് സമീപം ആർ & ആർ കോളനി നിർമിക്കുകയും ചെയ്തത്. ഇവിടെ മുപ്പത്തി അഞ്ച് കുട്ടികളാണ് ഉള്ളത്.‍ ടിഡിപി സർക്കാരിന്റെ കാലത്ത് 2016ലാണ് പ്രദേശത്ത് ഏകാധ്യാപക വിദ്യാലയം നിലവിൽ വരുന്നത്. സ്കൂൾ നിർമ്മാണത്തിനായി തറക്കല്ലിട്ടുവെങ്കിലും വിവധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിർത്തുകയായിരുന്നു. നിലവിൽ രണ്ട് അധ്യാപകരാണ് സ്കൂളിൽ ഉള്ളത്.

"മറ്റ് കുട്ടികളെ പോലെ ഞങ്ങൾക്ക് സ്കൂളിൽ പോകാൻ ആ​ഗ്രഹമുണ്ട്. പക്ഷേ ഞങ്ങൾക്ക് ഒരു സ്കൂൾ ഇല്ല. മരത്തണലിൽ ഇരുത്തിയാണ് അധ്യാപകർ ഞങ്ങളെ പഠിപ്പിക്കുന്നത്. ഞങ്ങൾ എന്നും ബാ​ഗിനൊപ്പം ചാക്കും കൊണ്ടുപോകാറുണ്ട്. മരങ്ങൾക്കടിയിൽ ഇരിക്കാൻ വേണ്ടി"-ഭാനു പ്രസാദ് എന്ന വിദ്യാർത്ഥി പറയുന്നു.

"ആകെ 35 വിദ്യാർത്ഥികളാണ് ഇവിടെ ഉള്ളത്. എല്ലാ കുട്ടികളും സ്കൂളിൽ വരാൻ താല്പര്യം കാണിക്കുന്നവരാണ്. എന്നാൽ ഞങ്ങൾക്ക് ഒരു കെട്ടിടമില്ല. കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ കെട്ടിടത്തിനായി കാത്തിരിക്കുകയാണ്.എന്നാൽ അധികാരികളിൽ നിന്ന് നല്ലൊ തീരുമാനം ഇതുവരെയും ലഭിച്ചിട്ടില്ല. ഇതോടെയാണ് മരത്തണലിൽ ക്ലാസ് നടത്താൻ തീരുമാനിച്ചത്. ഇപ്പോഴെങ്കിലും കെട്ടിടത്തിന്‍റെ നിർമാണം സർക്കാർ പൂർത്തിയാക്കണം" - അധ്യാപകരിൽ ഒരാളായ മധുസുദൻ പറയുന്നു.

click me!