ലോക്ക്ഡൗണിൽ ജോലി പോയി, അധ്യാപകൻ പഴക്കച്ചവടം തുടങ്ങി; ഇപ്പോഴിതാ പുതിയ 'ട്വിസ്റ്റ്'

By Web TeamFirst Published Jun 14, 2020, 9:28 AM IST
Highlights

സ്കൂൾ മാനേജ്മെന്‍റിന്‍റെ നിർദേശപ്രകാരം ക്ലാസിലേക്ക് പുതിയ കുട്ടികളെ ചേർക്കാനാകാത്തതാണ് നല്ലൂർ സ്വദേശിയായ വെങ്കട സുബ്ബയ്യയ്ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണം. അധ്യാപകന്‍റെ അവസ്ഥ സമൂഹമാധ്യമങ്ങളില്‍ വ്യാപക ചർച്ചയായിരുന്നു.

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട് തെരുവില്‍ പഴകച്ചവടം തുടങ്ങിയ അധ്യാപകന് സഹായവുമായി വിദ്യാർത്ഥികളെത്തി. സ്കൂൾ മാനേജ്മെന്‍റിന്‍റെ നിർദേശപ്രകാരം ക്ലാസിലേക്ക് പുതിയ കുട്ടികളെ ചേർക്കാനാകാത്തതാണ് നല്ലൂർ സ്വദേശിയായ വെങ്കട സുബ്ബയ്യയ്ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണം. അധ്യാപകന്‍റെ അവസ്ഥ സമൂഹമാധ്യമങ്ങളില്‍ വ്യാപക ചർച്ചയായിരുന്നു.

കഴിഞ്ഞ 15 വർഷമായി നല്ലൂർജില്ലയിലെ സ്വകാര്യ സ്കൂളില്‍ തെലുങ്ക് അധ്യാപകനായിരുന്നു വെങ്കട സുബ്ബയ്യ. ലോക്ഡൗൺ കാരണം സ്കൂളടച്ചപ്പോൾ ഓൺലൈനില്‍ ക്ലാസെടുത്തു, പക്ഷേ അധ്യാപനത്തോടൊപ്പം പുതിയ കുട്ടികളെയും ക്ലാസിൽ ചേർക്കണമെന്ന് മാനേജ്മെന്‍റ് ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളില്‍ വേണ്ടത്ര പുതിയ കുട്ടികളെ കണ്ടെത്താനായില്ല. ജോലിക്കുവരേണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. 
അങ്ങനെയാണ് സുബ്ബയ്യ പഴക്കച്ചവടം തുടങ്ങേണ്ടി വന്നത്. ഇത് തന്‍റെമാത്രം അവസ്ഥയല്ലെന്ന് വെങ്കട സുബ്ബയ്യ പറയുന്നു.

ദേശീയമാധ്യമങ്ങളിലടക്കം സുബ്ബയ്യയുടെ അവസ്ഥ വാർത്തയായിരുന്നു. തങ്ങളുടെ അധ്യാപകനെകുറിച്ചറിഞ്ഞ നിരവധി പൂർവ വിദ്യാർത്ഥികളാണ് സഹായവുമായി വീട്ടിലെത്തിയത്. നല്ലൊരു തുകയും ഇവർ അധ്യാപകന് കൈമാറി. വൈകാതെ പഴയ ജോലിയിലേക്ക് തിരിച്ചുപോകാനാകുമെന്നാണ് ഇപ്പോൾ സുബ്ബയ്യയുടെ പ്രതീക്ഷ.

Read Also: ഇന്ധനവില വർധന; പെട്രോൾ ലിറ്ററിന് 76 രൂപ കടന്നു, ഡീസൽ വില 70 കടന്നു...
 

click me!