
ഒരു അമ്മയാനയും നവജാതനായ കുട്ടിയാനയും റോഡ് മുറിച്ചുകടക്കുന്ന മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്‌വാൻ പങ്കുവെച്ച 20 സെക്കൻഡിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ, കാഴ്ചക്കാരുടെ ഹൃദയം കവരുകയാണ്. ചുരുങ്ങിയ മണിക്കൂറുകൾക്ക് മുൻപ് മാത്രം ജനിച്ച കുട്ടിയാന, നടക്കാൻ പഠിക്കുന്നതിനിടെയാണ് അമ്മയാനയുടെ കൂടെ റോഡ് മുറിച്ചു കടക്കുന്നത്.
'ചെറിയ കുലുക്കത്തോടെയുള്ള നടപ്പ്, കാരണം ഈ കുട്ടിയാന ലോകത്തേക്ക് വന്നിട്ട് അധിക സമയമായിട്ടില്ല. ജനിച്ച ഉടനെ കാട്ടാനക്കുട്ടികൾ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ നടന്നു തുടങ്ങാറുണ്ട്, കാട്ടിലെ അതിജീവനത്തിന് ഇത് അത്യാവശ്യമാണ്' എന്ന അടിക്കുറിപ്പോടെയാണ് പർവീൺ കസ്‌വാൻ വീഡിയോ പങ്കുവെച്ചത്. ഏകദേശം ഒരു മീറ്റർ ഉയരവും 120 കിലോഗ്രാം ഭാരവുമാണ് ഒരു കുട്ടിയാനക്ക് ജനിക്കുമ്പോൾ ഉണ്ടാകുക. കുട്ടിയാനകളെ അമ്മയും മറ്റ് പിടിയാനകളും ചേർന്നാണ് നടക്കാൻ സഹായിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. അമ്മയുടെ കൂടെ നിൽക്കാൻ ശ്രമിക്കുന്ന കുട്ടിയാനയുടെ നിശ്ചയദാർഢ്യത്തെയും അതിജീവിക്കാനുള്ള കഴിവിനെ കുറിച്ചും ആളുകൾ കമന്റുകളുമായി എത്തി. 'എന്തൊരു ഹൃദയസ്പർശിയായ നിമിഷം! ഈ ചെറിയ ചുവടുകൾ പ്രകൃതിയുടെ അത്ഭുതമാണ്," എന്ന് ഒരാൾ കുറിച്ചു. "എപ്പോഴും അമ്മയോടൊപ്പം നിൽക്കുക, ആ അമ്മ നിങ്ങളെ സംരക്ഷിക്കും, എന്ന് മറ്റൊരാളും കമന്റ് ചെയ്യുന്നു. കഴിഞ്ഞ മാസം കസേരയിൽ മനുഷ്യരെപ്പോലെ ഇരിക്കാൻ ശ്രമിക്കുന്ന ഒരു കുട്ടിയാനയുടെ വീഡിയോയും വൈറലായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam