Bhima Koregaon : ഭീമാ കൊറേഗാവ് കേസ്; സുധാ ഭരദ്വാജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ, സുപ്രീംകോടതിയെ സമീപിക്കും

By Web TeamFirst Published Dec 3, 2021, 9:20 AM IST
Highlights

2018 ഓഗസ്റ്റ് 28 നാണ് അഞ്ച് മനുഷ്യാവകാശപ്രവർത്തകരെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭീമ-കൊരേഗാവിൽ സാമുദായിക സംഘർഷമുണ്ടാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിയ്ക്കാനും ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. 

ദില്ലി: ഭീമാ കൊറേഗാവ് (Bhima Koregaon) കേസിൽ  മനുഷ്യാവകാശപ്രവർത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജിൻ്റെ (Sudha Bharadwaj ) ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സുപ്രീം കോടതിയെ സമീപിക്കും. ബുധനാഴ്ചയാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2018 ഓഗസ്റ്റ് 28 നാണ് അഞ്ച് മനുഷ്യാവകാശപ്രവർത്തകരെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭീമ-കൊരേഗാവിൽ സാമുദായികസംഘർഷമുണ്ടാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിയ്ക്കാനും ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കഴിഞ്ഞ മൂന്ന് വർഷമായി ബൈക്കുള ജയിലിൽ പൊലീസ് കസ്റ്റഡിയിലാണ് സുധാ ഭരധ്വാജ്. ബോംബെ ഹൈക്കോടതിയാണ് സുധാ ഭരധ്വാജിന് ജാമ്യം അനുവദിച്ചത്. 

മനുഷ്യാവകാശ പ്രവർത്തകർക്കെതിരെയുള്ള അറസ്റ്റിൽ തെളിവുകളായി ചൂണ്ടിക്കാണിച്ച കത്തുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്ന് തുടക്കം മുതലേ സുധാ ഭരദ്വാജ് ആരോപിക്കുന്നുണ്ട്. അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവർത്തകർക്ക് മാവോവാദി ബന്ധമുണ്ടായിരുന്നു എന്നായിരുന്നു പൊലീസീന്റെ ഭാഷ്യം. ഇത് തെളിയിക്കുന്ന ആയിരക്കണക്കിന് കത്തുകളാണ് മഹാരാഷ്ട്ര പൊലീസ് ഹാജരാക്കിയത്.

തെലു​ഗു കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവർത്തകരായ വെർണൻ ​ഗോൺസാൽവസ്, അരുൺ ഫെരേര, മാധ്യമപ്രവർത്തകൻ ​ഗൗതം നവലേഖ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭീമാ കൊറേഗാവ് കേസിൽ എൻഐഎ കസ്റ്റഡിയിലിരിക്കെ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി മരിച്ചിരുന്നു. 

സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി പിബി സാവന്ത്, ബോംബെ ഹൈക്കോടതിയിൽ നിന്ന് വിമരിച്ച ജഡ്ജിബിജി കോൽസെ പാട്ടീൽ , മറ്റ് ആക്ടിവിസ്റ്റുകൾ തുടങ്ങിയവർ പങ്കെടുത്ത 2017 ഡിസംബർ 31 ന് സംഘടിപ്പിച്ച എൽഗാർ സംഗമമാണ്  ഭീമാ കൊറെഗാവ് കേസിന്റെ ആധാരം. പേഷ്വാ ഭരണത്തെ ദളിത് പോരാളികൾ പരാജയപ്പെടുത്തിയ ഭീമാ കൊറേഗാവ് പോരാട്ടത്തിന്റെ 200 വാർഷികാഘോഷമായിരുന്നു പരിപാടി. ഈ പരിപാടിയിലെ പ്രസംഗങ്ങൾ പിന്നീട് സംഘർഷത്തിന് കാരണമായെന്നാണ് കേസ്.

2018 ജനുവരി ഒന്നിന് ദളിതരും മറാത്ത സംഘവുമായുണ്ടായ സംഘർഷത്തിൽ ഒരു മരണം സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മൂന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 2018 ജനുവരി എട്ടിന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഇടത്, മാവോയിസ്റ്റ്  ബന്ധം ആരോപിക്കുന്നു. ഇതിന് പിന്നാലെ മൂന്ന് ചാർജ് ഷീറ്റിലുമായി 16 പേരെ അറസ്റ്റ് ചെയ്തു. കേസിന്റെ വിചാരണ ഇതുവരെയും ആരംഭിച്ചിട്ടില്ല. സുധാ ഭരധ്വാജിനൊപ്പം മറ്റ് എട്ട് പേർകൂടി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും അവ കോടതി റദ്ദാക്കി.

click me!