കൂട്ടത്തോല്‍വി; തെലങ്കാനയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ തുടരുന്നു, സര്‍ക്കാറിനെതിരെ പ്രതിഷേധം

By Web TeamFirst Published Apr 30, 2019, 3:27 PM IST
Highlights

സംഭവം തെലങ്കാനയില്‍ വന്‍ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

ഹൈദരാബാദ്: തെലങ്കാനയില്‍ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷയിലെ മൂല്യ നിര്‍ണയത്തിലെ അപാകത മൂലം തോറ്റതില്‍ മനംനൊന്ത്  ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ  എണ്ണം 25 ആയി ഉയര്‍ന്നു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകന്‍റെ മണ്ഡലമായ സിര്‍സില്ലയിലാണ് അവസാനമായി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. സംഭവം തെലങ്കാനയില്‍ വന്‍ രാഷ്ട്രീയ വിവാദമായി മാറി. 

പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് തെലങ്കാന ബിജെപി നേതാവ് ആര്‍ ലക്ഷ്മണ്‍ നിരാഹാര സമരം ആരംഭിച്ചു. ഇതര പ്രതിപക്ഷ പാര്‍ട്ടികളും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. പരീക്ഷ നടത്തിപ്പില്‍ വന്‍ അഴിമതിയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ജി ജഗദീശ്വര്‍ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പരീക്ഷ നടത്തിപ്പിന് കരാര്‍ നല്‍കിയ സ്വകാര്യ സ്ഥാപനത്തിന് യോഗ്യതയുണ്ടായിരുന്നില്ലെന്നും 9.7 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാണെന്നും പ്രതിപക്ഷം ആരോപിച്ചു. മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

ഗ്ലോബരേന ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പരീക്ഷ നടത്തിപ്പിന് കരാറെടുത്തിരുന്നത്. സാങ്കേതിക സൗകര്യം സര്‍ക്കാറാണ് ലഭ്യമാക്കിയത്. സൗജന്യമായി പുനര്‍ മൂല്യനിര്‍ണയം നടത്തുമെന്നും മേയ് 16ന് സപ്ലിമെന്‍ററി പരീക്ഷ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 9.7 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 3.28 ലക്ഷം വിദ്യാര്‍ത്ഥികളും തോറ്റിരുന്നു. 

അതിനിടെ മൂല്യനിര്‍ണയത്തിലെ അപാകതകള്‍ വെളിവാക്കുന്ന കൂടുതല്‍ വസ്തുതകള്‍ പുറത്തുവന്നു. 99 മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക് പൂജ്യം മാര്‍ക്ക് നല്‍കിയതായി കണ്ടെത്തി. തെലുഗു ഭാഷ പരീക്ഷയിലാണ് കുട്ടിക്ക് 99 മാര്‍ക്ക് കിട്ടിയത്. സംഭവത്തില്‍ എക്സാമിനര്‍ ജി ഉമാദേവിക്ക് 5000 രൂപ പിഴയും നിരീക്ഷകന്‍ എസ് വിജയകുമാറിന് സസ്പെന്‍ഷനും വിധിച്ചു. 

click me!