ദില്ലി: അയോധ്യയിൽ ബാബ്റി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഇടത്ത് ക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന് സുന്നി വഖഫ് ബോർഡ്. കേസിൽ കക്ഷിയായിരുന്ന വഖഫ് ബോർഡിന്റെ വാദങ്ങൾ നിയമപരമായി നിലനിൽക്കുന്നുവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, എന്നാൽ വഖഫ് ബോർഡിന് ഭൂമിയിൽ ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കാനായില്ലെന്നും ഭരണഘടനാബഞ്ച് നിരീക്ഷിച്ചിരുന്നു.
കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാൽ വിധിയിൽ തൃപ്തിയില്ല. വിധി പ്രസ്താവം കേട്ടു. എന്നാൽ വിശദമായ വിധി പകർപ്പ് വായിച്ച ശേഷമേ പുനഃപരിശോധനാ ഹർജിയിൽ തീരുമാനമെടുക്കൂ- സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ സഫർയാബ് ജിലാനി വ്യക്തമാക്കി.
സുന്നി വഖഫ് ബോർഡിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനുമായി ചർച്ച നടത്തും. വിധിയിൽ പുനഃപരിശോധനയ്ക്കായി എല്ലാ നിയമപരമായ വഴികളും തേടും. ഞങ്ങൾ നമാസ് നടത്തിയിരുന്ന ബാബ്റി മസ്ജിദിന്റെ അകത്തെ നടുമുറ്റത്ത് പ്രാർത്ഥന നടത്താനുള്ള അവകാശം വേണം. തർക്കഭൂമിയിൽ കുറച്ച് ഭാഗങ്ങളുടെ അവകാശം വേണമെന്ന് തന്നെയാണ് ഞങ്ങൾ വാദിച്ചത്. മറ്റൊരിടത്ത് പള്ളി പണിയാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു. ആർക്കിയോളജിക്കൽ സർവേയുടെ കണ്ടെത്തലുകളിൽ മുസ്ലിങ്ങൾക്ക് അനുകൂലമായ നിരീക്ഷണങ്ങളുമുണ്ട്. അതെന്തുകൊണ്ട് മുഖവിലയ്ക്ക് കോടതി എടുത്തില്ല എന്ന കാര്യം പരിശോധിക്കണം - സഫർയാബ് ജിലാനി പറഞ്ഞു.
തൃപ്തികരമല്ലെങ്കിലും സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു. എല്ലാ ജനവിഭാഗങ്ങളും സമാധാനം പാലിക്കണമെന്നും സുന്നി വഖഫ് ബോർഡ് ആഹ്വാനം ചെയ്യുന്നു. ഒരു തരത്തിലുള്ള പ്രകോപനവും പാടില്ല. ഇവിടെ ആരുടെയും ജയവും പരാജയവുമില്ല - എന്ന് വഖഫ് ബോർഡ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam