വിവാഹച്ചടങ്ങിൽ വൻ കൊവിഡ് സംക്രമണം; വരൻ മരിച്ചു, കല്യാണം കൂടിയ 95 ബന്ധുക്കൾക്ക് രോഗബാധ

By Web TeamFirst Published Jun 30, 2020, 11:00 AM IST
Highlights

ആരോഗ്യവകുപ്പിനെ അറിയിക്കാതെ തന്നെ വരന്റെ ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾ നടത്തിയതിനാൽ അയാളുടെ കൊവിഡ് ടെസ്റ്റ് നടത്താൻ സാധിച്ചില്ല. പട്നയിലാണ് സംഭവം.

പട്‌ന : ബിഹാറിന്റെ തലസ്ഥാനമായ പട്‌നയിൽ നിന്ന് 50 കിലോമീറ്റർ ദൂരെയുള്ള പാലിഗഞ്ച് ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിലുണ്ടായ സാമൂഹിക കൊവിഡ് സംക്രമണത്തിൽ ഒറ്റയടിക്ക് രോഗം പകർന്നുകിട്ടിയത് 90 പേർക്കാണ്. വളരെ ഗുരുതരമായ വീഴ്ചകളാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ ഈ കുടുംബത്തിന്റെയും പ്രാദേശിക ആരോഗ്യവിഭാഗത്തിന്റെയും ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

മെയ് 12 നാണ് ഈ യുവാവ് വിവാഹത്തിനായി ഗ്രാമത്തിലേക്ക് എത്തിയത്. വീട്ടിൽ വന്നുകയറിയപ്പോൾ തന്നെ യുവാവിന് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും, അതിനെ സാധാരണ പനിയും ജലദോഷവും എന്ന് തള്ളിക്കളഞ്ഞ ഉറ്റബന്ധുക്കൾ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹച്ചടങ്ങുകളുമായി മുന്നോട്ടുപോവുകയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം നാൾ യുവാവ് രോഗലക്ഷണങ്ങൾ മൂർച്ഛിച്ച് മരിച്ചുപോയി. ആരോഗ്യവകുപ്പിനെ അറിയിക്കാതെ തന്നെ വരന്റെ ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾ നടത്തിയതിനാൽ അയാളുടെ കൊവിഡ് ടെസ്റ്റ് നടത്താൻ സാധിച്ചില്ല. വധുവിന്റെ കൊവിഡ് പരിശോധനാഫലം പക്ഷേ നെഗറ്റീവ് ആയിട്ടുണ്ട്.

താമസിയാതെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരിച്ചു പോയ പലർക്കും കടുത്ത കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായി അവർ ടെസ്റ്റുകൾക്ക് വിധേയരായതോടെയാണ്, ഈ സംക്രമണത്തിന്റെ പ്രഭവകേന്ദ്രം ഈ കല്യാണവീടാണ് എന്ന് ആരോഗ്യവകുപ്പ് തിരിച്ചറിയുന്നത്. വിവാഹച്ചടങ്ങിൽ ഗുരുതരമായ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിരുന്നിട്ടും ആരോഗ്യവകുപ്പ് ഇടപെടുകയോ ചടങ്ങു തടയുകയോ ഒന്നുമുണ്ടായില്ല. വിവാഹച്ചടങ്ങുകളിൽ 50 പേരിലധികം പങ്കെടുക്കാൻ പാടില്ല എന്ന നിയന്ത്രണം രാജ്യവ്യാപകമായി നിലനിൽക്കെയാണ് നൂറോളം പേർക്ക് ഈ ചടങ്ങിൽ നിന്ന് കൊവിഡ് പകർന്നു കിട്ടിയതായി സ്ഥിരീകരിക്കപ്പെട്ടത് എന്നോർക്കണം. ഇപ്പോൾ, കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ബന്ധുക്കളുടെ കോൺടാക്റ്റ് ട്രേസിങ്, ഐസൊലേഷൻ, ക്വാറന്റീൻ നടപടികളുമായി മുന്നോട്ടുപോവുകയാണ് ജില്ലാ ഭരണകൂടം. 

click me!