
ദില്ലി: വാക്സീന് വ്യത്യസ്ത വില ഈടാക്കുന്നതിലും ഓക്സിജൻ പ്രതിസന്ധിയിലും ഇടപെട്ട് സുപ്രീംകോടതി. കൊവിഡ് സാഹചര്യം നേരിടാൻ ദേശീയ പദ്ധതി ആരാഞ്ഞ് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് വാക്സീൻ വില ഉൾപ്പടെയുള്ള വിഷയങ്ങളിലെ ഇടപെടൽ. അഞ്ചു കാര്യങ്ങളിൽ കേന്ദ്രസർക്കാർ വിശദീകരണം നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു.
ഒന്ന് കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കമ്പനികൾ വ്യത്യസ്ത വില കൊവിഡ് വാക്സീന് എങ്ങനെ ഈടാക്കും. രണ്ട്- 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ എപ്പോൾ നല്‍കാനാവും. മൂന്ന്- ഓക്സിജൻ ലഭ്യത എങ്ങനെ ഉറപ്പാക്കും. നാല്- അവശ്യമരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കാൻ എടുത്ത നടപടികൾ എന്തൊക്കെ. അഞ്ച്- ജില്ലാകളക്ടർമാർ വരെയുള്ളവർക്കും ആരോഗ്യമന്ത്രാലയത്തിനും ഇടയിലെ ഏകോപന സംവിധാനം.
ഓക്സിജൻ ലഭ്യതയിൽ കോടതി ഇടപെടരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഈ സമയത്ത് ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് തുഷാർ മേത്ത പറഞ്ഞു. ഓക്സിജൻ ലഭ്യത താഴ്ന്നപ്പോൾ കേരളത്തെയും തമിഴനാടിനെയും പുകഴ്ത്തുന്നത് ഇതിന് ഉദാഹരണമായി തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
വാക്സീൻ വില നിർണ്ണയത്തിലും അവസാന വാക്ക് ഇനി സുപ്രീംകോടതിയുടേതാകും. പ്രതിസന്ധി ഘട്ടത്തിൽ മൂകസാക്ഷിയാകാനാവില്ല എന്ന് വ്യക്തമാക്കിയ കോടതി വെള്ളിയാഴ്ച സ്വീകരിക്കുന്ന നിലപാട് കേന്ദ്രസർക്കാരിന് നിർണ്ണായകമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam