ഗ്യാനേഷ് കുമാറിനെതിരായ ഹർജി; അടുത്ത ആഴ്ച പരിഗണിക്കാമെന്ന് സമ്മതിച്ച് സുപ്രീംകോടതി

Published : Sep 29, 2026, 01:37 PM ISTUpdated : Sep 29, 2026, 02:13 PM IST
gyanesh kumar

Synopsis

ഗ്യാനേഷ് കുമാറിനെതിരായ ഹർജി സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നെന്നാണ് ഹർജിക്കാരന്‍റെ വാദം. പുറത്തുവന്ന വിവരങ്ങൾ പരിശോധിക്കണമെന്നും തീരുമാനങ്ങൾ മൂന്ന് കമ്മീഷണർമാരും കൂട്ടായി എടുക്കാൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. അടുത്തയാഴ്ച വാദം കേൾക്കും. അതിനിടെ, എസ്‌ഐആആറിൽ ഇ.ആർ.ഒ.മാർക്ക് കൂടുതൽ അവകാശങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.

രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ സിഇസി ഗ്യാനേഷ് കുമാറിൻ്റെ തീരുമാനങ്ങളിൽ വിയോജിപ്പ് അറിയിച്ചിരുന്നു എന്ന ഇന്ത്യൻ എക്സ്പ്രസ് വാർത്ത ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ശൈലേഷ് മണി ത്രിപാഠി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും സുപ്രീംകോടതിയിലെത്തി. ഇന്ന് വിഷയം പരാമർശിച്ചപ്പോഴാണ് അടുത്ത ആഴ്ച ഹർജി കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയത്. പശ്ചിമ ബംഗാളിൽ എസ്‌ഐആറിൽ ഒഴിവാക്കിയവരുടെ അപ്പീലുകൾ എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്ന ഹർജി ഇന്നലെ ചീഫ് ജസ്റ്റിസിന് മുമ്പാകെ വന്നിരുന്നു. ഇപ്പോൾ നടക്കുന്നത് ഉപതെരഞ്ഞെടുപ്പ് ആയതിനാൽ ഇത് തീർപ്പാക്കാൻ ധൃതി കാണിക്കേണ്ടതില്ല എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഈ ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനാണ് മാറ്റിയത്. ഗ്യാനേഷ് കുമാറിനെതിരായിട്ടുള്ള ഹർജികളും ഒരുപക്ഷേ ഇതിനോടൊപ്പം കേട്ടേക്കും. പ്രതിപക്ഷം ഗ്യാനേഷ് കുമാറിന് എതിരായുള്ള സമരം കടുപ്പിക്കുമ്പോഴാണ് അടിയന്തരമായി ഇത് കേൾക്കാതെ സുപ്രീംകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്.

ഇതിനിടെ, രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉന്നയിച്ച പരാതിയോട് യോജിച്ച് മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫീസർ എസ് ചോക്കലിംഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതിന്റെ വിശദാംശങ്ങളും പുറത്തുവന്നു. ഇസിഐ നെറ്റിൽ ഇലക്ടറൽ റിട്ടേണിംഗ് ഓഫീസർമാർക്ക് ഇടപെടാൻ കൂടുതൽ അവകാശം വേണം എന്നതാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഹിയറിംഗ് ഇല്ലാതെ ചില കേസുകളിൽ തീർപ്പ് കൽപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചതിന് പുറമെയുള്ള രേഖകൾ സ്വീകരിക്കാനും ഇ.ആർ.ഒമാർക്ക് അധികാരം നൽകണമെന്ന് കത്തിൽ നിർദ്ദേശിക്കുന്നു. നിലവിൽ ആധാർ ഉൾപ്പെടെ 13 രേഖകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കാമെന്ന് വ്യക്തമാക്കുന്നത്. എന്നാൽ, ഗോത്ര വിഭാഗം കൂടുതലായുള്ള മേഖലകളിലും ലൈംഗിക തൊഴിലാളികളടക്കം താമസിക്കുന്ന സ്ഥലങ്ങളിലും ഇതിന് പുറമെയുള്ള രേഖകൾ ഹാജരാക്കിയാൽ അത് അംഗീകരിക്കാനുള്ള വിവേചന അധികാരം നൽകണം എന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ ചീഫ് ഇലക്ടറൽ ഓഫീസർ തന്നെ എസ്ഐആറിൽ കേന്ദ്രീകൃത അധികാരത്തിനെതിരെ കത്തെഴുതിയത് ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷത്തിന് ഒരു ആയുധം കൂടി നല്‍കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എന്തിനാണ് ഭർത്താവ് എന്നെ കുടുക്കിയതെന്ന് അറിയില്ല, 21 ദിവസം ജയിലിൽ'; ബിസിനസുകാരന്റെ കൊലപാതകത്തിൽ പങ്കില്ല, മരുമകൾ ജയിൽമോചിതയായി
സ്കൂൾ വിട്ടുവരുന്ന സഹോദരനെ കൂട്ടാൻ അമ്മയ്ക്കൊപ്പമെത്തി, സ്കൂൾ ബസ് കയറിയിറങ്ങി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം