
ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷ ഡ്രൈവറും പെൺകുട്ടികളും തമ്മിലുള്ള സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നടുറോഡിൽ നടന്ന സംഘട്ടനത്തിൻ്റെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഓട്ടോ ഡ്രൈവർ പെൺകുട്ടികളെ മർദിക്കുന്നതും പെൺകുട്ടികൾ തിരിച്ചു മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ അടിയന്തരമായി പൊലീസ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് വൈറൽ വീഡിയോയ്ക്ക് താഴെ നിരവധി പേർ കമൻ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
എച്ച്എസ്ആർ ലേഔട്ടിലെ തേർഡ് സെക്ടറിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഓട്ടോ ഡ്രൈവറും രണ്ട് പെൺകുട്ടികളും തമ്മിലാണ് അടിപിടി ഉണ്ടായത്. കയ്യാങ്കളി രൂക്ഷമായതോടെ പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ എത്തി ഡ്രൈവറെ അനുനയിപ്പിക്കുകയായിരുന്നു.
Kalesh b/w a Group of Girls and Auto Driver over Fare issues, HSR Layout Bengaluru pic.twitter.com/gNAxhfVs93
— Ghar Ke Kalesh (@gharkekalesh) September 29, 2026
സംഭവത്തിൽ എച്ച്എസ്ആർ ലേഔട്ട് പൊലീസ് ഇടപെട്ടതായാണ് റിപ്പോർട്ട്. പെൺകുട്ടികളെ ബന്ധപ്പെട്ട പൊലീസ്, ഇരുവരോടും പരാതി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, സ്റ്റേഷനിലേക്ക് ഉടൻ വരാൻ കഴിയില്ലെന്നും രണ്ട് ദിവസം സമയം വേണമെന്ന് അറിയിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഘർഷത്തിൽ ഉൾപ്പെട്ട ഓട്ടോ ഡ്രൈവറെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികളാണ് ഓട്ടോ വിളിച്ചതെന്നും എന്നാൽ കൂലിയെച്ചൊല്ലി തർക്കിക്കുകയായിരുന്നുവെന്നും ഡ്രൈവർ പറഞ്ഞു. പെൺകുട്ടികൾ മദ്യപിച്ചിരുന്നതായും പണം നൽകില്ലെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞുവെന്നും ആരോപിച്ച ഡ്രൈവർ, സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് തിരിച്ചടിച്ചതെന്നും കൂട്ടിച്ചേർത്തു. പെൺകുട്ടികളുടെ പരാതി ലഭിച്ച ശേഷം ആവശ്യമായ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam