മെഹ്‍ബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ മകള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി

By Web TeamFirst Published Sep 5, 2019, 12:56 PM IST
Highlights

ശ്രീനഗറിലെത്തി മാതാവിനെ സന്ദര്‍ശിക്കണമെന്നായിരുന്നു ഇല്‍തിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

ദില്ലി: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്‍ബൂബ മുഫ്തിയെ കാണാന്‍ മകള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി. മെഹ്‍ബൂബയുടെ മകള്‍ ഇല്‍തിജ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 

ശ്രീനഗറിലെത്തി മാതാവിനെ സന്ദര്‍ശിക്കണമെന്നായിരുന്നു ഇല്‍തിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഒരു മാസമായി അമ്മയെ കണ്ടിട്ടില്ലെന്നും അവരുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മെഹ്ബൂബ മുഫ്തിയെ അവരുടെ ബന്ധുക്കള്‍ വസതിയിലെത്തി സന്ദര്‍ശിച്ചതാണെന്നും അനുമതി തേടി മകള്‍ ഇല്‍തിജ ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചിരുന്നെന്നും സുപ്രീംകോടതിയിലെ വാദത്തിനിടെ അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

അമ്മയും സഹോദരിയും മെഹ്ബൂബയെ രണ്ട് തവണ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജിക്ക് പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. 

click me!