Pegasus Probe : ചാര സോഫ്റ്റ് വെയർ വാങ്ങിയെങ്കിൽ വിശദാംശങ്ങൾ അറിയിക്കണം;സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ കത്ത്

By Web TeamFirst Published Apr 30, 2022, 9:13 AM IST
Highlights

സംസ്ഥാനങ്ങൾ പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കിൽ ഇതിന്‍റെ വിശദ വിവരങ്ങൾ അറിയിക്കാണെന്ന് നിർദ്ദേശിച്ചാണ് സുപ്രീംകോടതി കത്തയച്ചിരിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടേതാണ് നിർദ്ദേശം. 

ദില്ലി: പെഗസസ് (Pegasus) ചാര സോഫ്റ്റ്‌വെയർ ചോർത്തലിൽ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി (Supreme Court) നിർദ്ദേശം. ചാര സോഫ്റ്റ്‌വെയർ വാങ്ങിയിട്ടുണ്ടോയെന്ന് അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം നൽകി. സുപ്രീംകോടതി രൂപീകരിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രന്റെ (Justice R V Raveendran) അധ്യക്ഷതയിലുള്ള  വിദഗ്ധ സമിതിക്ക് വേണ്ടി വിശദാംശങ്ങൾ ആരാഞ്ഞ് സുപ്രീംകോടതി സെക്രട്ടറി ജനറൽ സംസ്ഥാന പൊലീസ് മേധാവിമാർക്ക് കത്ത് നൽകി.

ഇന്റലിജിൻസ് ഏജൻസികളോ, മറ്റ് ഏതേങ്കിലും ഏജൻസികളോ പൗരന്മാരിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതിന് പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയിക്കണം. പെഗാസസ് സോഫ്റ്റ്‌വെയർ സർക്കാരോ സർക്കാർ ഏജൻസികളോ വാങ്ങിയിട്ടുണ്ടെങ്കിൽ എന്നാണ് വാങ്ങിയതെന്നും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആര് അനുമതി നൽകിയെന്നും വ്യക്തമാക്കാൻ വിദഗ്ധ സമിതി അയച്ച കത്തിൽ നിർദേശിച്ചിട്ടുണ്ട്. ഇതേ ചോദ്യാവലി കേന്ദ്ര സർക്കാരിനും കൈമാറിയിട്ടുണ്ടെന്നാണ് സൂചന.ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതി സുപ്രീം കോടതിക്ക് ഇടക്കാല റിപ്പോർട്ട് മുദ്ര വച്ച കവറിൽ കൈമാറിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് സുപ്രീംകോടതി ഇത് വരെയും പരിഗണിച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, സിദ്ധാര്‍ഥ് വരദരാജന്‍, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുള്‍പ്പെടെ ഒരു ഡസണില്‍ അധികം പേരുടെ മൊഴി ജസ്റ്റിസ് രവീന്ദ്രൻ സമിതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ഇസ്രയേലി ചാരസോഫ്റ്റ്‍വെയറായ പെഗാസസ് 2017 ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്. എൻഎസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നതായിരുന്നു വിഷയത്തില്‍ കേന്ദ്ര സർക്കാരിന്‍റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലില്‍ നടത്തിയ സന്ദർശനത്തിനിടെ പെഗാസസ് വാങ്ങാന്‍ ധാരണയായതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.   

മിസൈല്‍ ഉള്‍പ്പെടെയുള്ള 200 കോടിയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തിയായിരുന്നു ചാരസോഫ്റ്റ്‍‍വെയറായ
പെഗാസസ് വാങ്ങിയത്. പോളണ്ട്, ഹംഗറി, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കരാർ പ്രകാരം ഇസ്രയേല്‍ സോഫ്റ്റ്‍വെയര്‍ കൈമാറിയതായും പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. പെഗാസസ് ഉപയോഗിച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും അടക്കം നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലില്‍ പാർലമെന്‍റില്‍ അടക്കം പ്രതിഷേധം നടന്നിരുന്നു. അടുത്തയാഴ്ച പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ചേരാനിരിക്കെയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലും പുറത്ത് വരുന്നത്.

click me!