
ദില്ലി: ദില്ലി കലാപ കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെ വിമർശിച്ച് സുപ്രീം കോടതിയിലെ മറ്റൊരു ബഞ്ച്. ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് ഉജ്ജ്വൽ ഭുയ്യാനും ഉൾപ്പെട്ട ബഞ്ചാണ് ഉമറിന്‍റെ ജാമ്യപേക്ഷ തള്ളിയ നടപടിയെ വിമർശിച്ചത്. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ വി അഞ്ചരിയ എന്നിവരുടെ ബഞ്ചാണ് ഉമറിന് ജാമ്യം നിഷേധിച്ചത്. വിചാരണ നീണ്ടുപോയാൽ ജാമ്യം നൽകണമെന്ന നജീബ് കേസിലെ വിധിയാണ് നിയമമെന്നും ഇത് പാലിച്ചില്ലെന്നുമാണ് ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം. എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് നാഗരത്ന മറ്റൊരു ബഞ്ചിന്‍റെ വിധിക്കെതിരെ അസാധാരണ വിമർശനം ഉന്നയിച്ചത്. ജാമ്യം ആണ് ചട്ടമെന്നും അനിവാര്യമെങ്കിൽ മാത്രം ജയിലെന്നുമുള്ള തത്വം കൈവെട്ട് കേസിലെ പ്രതി നജീബിന് ജാമ്യം നൽകിയ മൂന്നംഗ സുപ്രീം കോടതി ബഞ്ച് അടിവരയിട്ട് പറഞ്ഞിരുന്നു. ഇത് ഉമർ ഖാലിദിന്‍റെ കാര്യത്തിൽ പാലിച്ചില്ല എന്നാണ് ജസ്റ്റിസ് നാഗരത്ന ഉന്നയിക്കുന്ന വിമർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam