
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മദ്രസ വകുപ്പിനും ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ വകുപ്പിനും കീഴിലുള്ള മതപരമായ ധനസഹായ പദ്ധതികൾ നിർത്തലാക്കാൻ തീരുമാനിച്ചു. സുവേന്ദു സർക്കാരിന്റെ രണ്ടാമത് മന്ത്രിസഭാ യോഗത്തിന് ശേഷം നഗരവികസന മന്ത്രി അഗ്നിമിത്ര പോളാണ് ഇക്കാര്യം അറിയിച്ചത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ധനസഹായ പദ്ധതികൾ ഈ മാസം അവസാനം വരെ തുടരുമെന്നും അതിനു ശേഷമാകും പൂർണമായും നിർത്തലാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് മന്ത്രി കടന്നില്ല. മുൻപ് മമത സർക്കാരിന്റെ കാലത്ത് ഇമാം, പൂജാരിമാർക്ക് ധനസഹായം നൽകിയിരുന്നു.
ഇമാമുമാർക്ക് 3000 രൂപയും പൂജാരിമാർക്ക് 2000 രൂപയും ധനസഹായം നൽകിയിരുന്നു. മമത ബാനർജി അധികാരമേറ്റ് ഒരു വർഷത്തിന് ശേഷം 2012-ലാണ് ഇമാമുമാർക്കുള്ള സ്റ്റൈപ്പൻഡ് ആരംഭിച്ചത്. കോവിഡ് ലോക്ക്ഡൗണിന് ശേഷം 2020 സെപ്റ്റംബറിലാണ് പൂജാരിമാർക്ക് സാമ്പത്തിക സഹായം ആരംഭിച്ചത്. ക്ഷേമ പദ്ധതികൾ മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ളതാകരുത് എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച ഉത്തരവ് പ്രത്യേകമായി പുറത്തിറക്കുമെന്നും മന്ത്രി അഗ്നിമിത്ര അറിയിച്ചു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന അന്നപൂർണ്ണ യോജനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതോടെ ജൂൺ 1 മുതൽ സ്ത്രീകൾക്ക് 3,000 രൂപ വീതം സഹായം ലഭിക്കും. നിലവിൽ ലക്ഷ്മി ഭണ്ഡാർ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന സ്ത്രീകളെ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തും. നിലവിലുള്ള പദ്ധതികളുടെ പരിധിയിൽ വരാത്തവരെ സഹായിക്കുന്നതിനായി പുതിയ പോർട്ടൽ ആരംഭിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ജൂൺ 1 മുതൽ സംസ്ഥാനത്തുടനീളം സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും സർക്കാർ അനുവദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam