Nupur Sharma : 'ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മ,രാജ്യത്തോട് മാപ്പ് പറയണം'; ആഞ്ഞടിച്ച് സുപ്രീംകോടതി

Published : Jul 01, 2022, 11:29 AM ISTUpdated : Jul 01, 2022, 12:51 PM IST
Nupur Sharma : 'ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മ,രാജ്യത്തോട് മാപ്പ് പറയണം'; ആഞ്ഞടിച്ച് സുപ്രീംകോടതി

Synopsis

നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട കോടതി, ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കുറ്റപ്പെടുത്തി. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീംകോടതി, പരാമർശം പിൻവലിക്കാൻ വൈകിയെന്നും വിമര്‍ശിച്ചു.

ദില്ലി: നബി വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ (Nupur Sharma) ആഞ്ഞടിച്ച് സുപ്രീംകോടതി. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും കോടതി കുറ്റപ്പെടുത്തി. അന്വേഷണത്തില്‍ പൊലീസിനെ വിമര്‍ശിച്ച കോടതി നുപുര്‍ ശര്‍മ്മക്ക്  ചുവന്ന പരവതാനി കിട്ടിക്കാണുമെന്നും പരിഹസിച്ചു.

നബി വിരുദ്ധ പരാമര്‍ശത്തില്‍ പല സംസ്ഥാനങ്ങളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പശ്ചാത്തലത്തിലാണ് നൂപുര്‍ ശര്‍മ്മ സുപ്രീംകോടതിയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ദില്ലിയിലേക്ക് മാറ്റണമെന്നും ജീവന് ഭീഷണിയുള്ളതിനാല്‍ യാത്ര ചെയ്യാനാവില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതി രൂക്ഷമായ വിമര്‍ശനത്തോടെയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നൂപുര്‍ ശര്‍മ്മയുടെ ഹര്‍ജി പരിഗണിച്ചത്.  കോടതിയുടെ പരിഗണനയിലുള്ള ഗ്യാന്‍വാപി കേസില്‍ എന്തുകൊണ്ട് ടെലിവിഷന്‍ ചര്‍ച്ചക്ക് പോയെന്ന് സുപ്രീംകോടതി ചോദിച്ചു. പാര്‍ട്ടി വക്താവെന്നാന്‍ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സല്ല. ഉത്തരവാദിത്തം മറന്ന് പ്രകോപനമുണ്ടാക്കാനാണ് നൂപുര്‍ ശര്‍മ്മ ശ്രമിച്ചതെന്നാണ് കോടതിയുടെ കുറ്റപ്പെടുത്തല്‍. പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചുവെന്ന് നുപുര്‍ ശര്‍മ്മയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, മാപ്പ് പറയാന് വൈകി പോയെന്നും ടെലിവിഷനിലൂടെ രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും കോടതി പറഞ്ഞു. 

ഉദയ്പൂരിലുണ്ടായതടക്കം പിന്നീട് നടന്ന അനിഷ്ട സംഭവങ്ങള്ഡക്കെല്ലാം ഉത്തരവാദി നുപുര്‍ ശര‍്‍മ്മയാണെന്നും കോടതി നിരീക്ഷിച്ചു. മെയ് 28ന് ആദ്യ എഫ്ഐആര്‍ ഇട്ട കേസില്‍ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് നടന്നില്ലെന്ന് ചോദിച്ച കോടതി നുപുര്‍ ശര്‍മ്മയുടെ സ്വാധീനമാണ് അത് വ്യക്തമാക്കുന്നതെന്നും ചൂണ്ടിക്കാട്ടി. അര്‍ണബ് ഗോസ്വാമി കേസുയര്‍ത്തി നൂപുറിനെതിരായ കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും മാധ്യമപ്രവര്‍ത്തകനായ  അര്‍ണബിന് നല്‍കിയ പരിഗണന നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കാനും ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദ്ദേശിച്ചു. കോടതിയുടെ ഈ വിമർശനത്തോടെ  നൂപുര്‍ ശര്‍മ്മ ഹര്‍ജി പിന്‍വലിച്ചു. തീസ്ത് സെതൽവാദിന്‍റെ അറസ്റ്റിന് ശേഷം നൂപുർ ശ‍ർമ്മയെ അറസ്റ്റ് ചെയ്യാത്തത് ചർച്ചയായിരുന്നു. സുപ്രീംകോടതിയുടെ ഇന്നത്തെ പരാമർശത്തോടെ അറസ്റ്റിന് പൊലീസിന് മേൽ സമ്മർദ്ദം ശക്തമാകുകയാണ്.

ആരാണ് നുപുർ ശർമ്മ ?

അഭിഭാഷകയാണ് നുപുർ ശർമ്മ. ബിജെപി നേതാവും പാർട്ടി വക്തമാവുമാണ്. മെയ് 28ന് നുപുർ ശർമ്മ ഒരു ടെലിവിഷൻ വാർത്താ ചർച്ചയിൽ പ്രവാചകൻ മുഹമ്മദിനെ കുറിച്ച് നടത്തിയ പരാമർശം രാജ്യത്തിന് പുറത്തേക്കും വലിയ ചർച്ചയായി മാറിയിരിക്കുന്നത്. പ്രസ്താവന ഗൾഫ് രാജ്യങ്ങൾ വരെ അപലപിക്കുന്ന സാഹചര്യത്തിലെത്തിയതോടെ ശർമ്മയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന, 20 പോലീസുകാർ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റ, സംഘർഷം ഉടലെടുത്തത് ഈ പ്രസ്താവനകളിൽ നിന്നായിരുന്നു. പാർട്ടിയുടെ വിവിധ പദവികൾ വഹിച്ച നുപുർ ബിജെപിയുടെ പ്രമുഖ മുഖമാണ്. വിവാദം കത്തിപ്പടർന്നതോടെ തന്റെ പ്രസ്താവന പിൻവലിക്കുന്നതായി നുപുർ ട്വീറ്റ് ചെയ്തു.

എന്താണ് കാൺപൂർ സംഘർഷത്തിലേക്ക് നയിച്ച ആ പ്രസ്താവന

മെയ് 28ന് ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ, ആളുകൾ എന്നിവ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം മുസ്ലിംകൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 'ശിവലിംഗം' ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവർ പറയുന്നതെന്നും നുപുർ ആരോപിച്ചു.

നുപുറിന്റെ വിശദീകരണം ഇങ്ങനെ

ശിവദേവനെ അപമാനിക്കുന്നതുമായി  ബന്ധപ്പെട്ട് ഞാൻ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ തമാശയാക്കുന്ന തരത്തിൽ ശിവലിംഗം ജലധാരയ്ക്കുള്ള സ്തൂപമാണെന്ന് പറഞ്ഞു. റോഡരികുകളിലെ മുന്നറിയിപ്പും സൈനുകളുമായും ശിവലിങ്കത്തെ താരതമ്യം ചെയ്തു. ശിവദേവനെ തുടർച്ചയായി അപമാനിക്കുന്നത് എനിക്ക് സഹിക്കാൻ സാധിച്ചില്ല. അങ്ങനെയാണ് ചില കാര്യങ്ങൾ എനിക്ക് പറയേണ്ടിവന്നത്. എന്നാൽ എന്റെ വാക്കുകൾ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയോ, മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്റെ  പരാമർശം നിരുപാധികം പിൻവലിക്കുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല - അവർ ട്വിറ്ററിൽ കുറിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി