അത്യപൂർവങ്ങളിൽ അപൂർവമായ സംഭവമെന്ന് പരാമർശിച്ച് സുപ്രീംകോടതി; എന്താണ് ഇത്ര തിരക്ക്? മഹാരാഷ്ട്ര സർക്കാരിനോട് ചോദ്യം

Published : Jul 24, 2025, 08:06 AM IST
Supreme Court of India

Synopsis

2006ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിലെ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജിയിൽ 'അത്യപൂർവങ്ങളിൽ അപൂർവമായ' സംഭവമെന്ന് സുപ്രീംകോടതിയുടെ പരാമർശം. 

ദില്ലി: 2006ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിലെ 12 പ്രതികളെ വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള മഹാരാഷ്ട്ര സർക്കാരിന്‍റെ ഹർജി പരിഗണിക്കവെ, 'അത്യപൂർവങ്ങളിൽ അപൂർവമായ' സംഭവമെന്ന് പരാമർശിച്ച് സുപ്രീംകോടതി. കുറ്റവിമുക്തരാക്കിയുള്ള ഒരു വിധിക്ക് സ്റ്റേ നൽകുന്നത് അത്യപൂർവങ്ങളിൽ അപൂർവമെന്നാണ് കോടതി നിരീക്ഷിച്ചത്.

ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ചിന് മുമ്പാകെ കേസ് രണ്ടാമതും പരിഗണനയ്ക്ക് വന്നപ്പോഴാണ് ഈ നിരീക്ഷണം ഉണ്ടായത്. എന്തിനാണ് ഇത്ര തിരക്ക്? എട്ട് പേരെ ഇതിനോടകം വിട്ടയച്ചുകഴിഞ്ഞു. കുറ്റവിമുക്തരാക്കിയതിന് സ്റ്റേ നൽകുന്നത് അപൂർവങ്ങളിൽ അപൂർവമാണ് എന്ന് ചീഫ് ജസ്റ്റിസ് ഗവായി പറഞ്ഞു.

മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന് (ATS) വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേസിന്‍റെ അടിയന്തിര പ്രാധാന്യം ചൂണ്ടിക്കാട്ടി വേഗത്തിൽ വാദം കേൾക്കാൻ ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വ്യാഴാഴ്ച ഹർജി ലിസ്റ്റ് ചെയ്യാൻ കോടതി സമ്മതിക്കുകയായിരുന്നു.

ബുധനാഴ്ച സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വീണ്ടും കേസ് പരാമർശിച്ചു. ബോംബെ ഹൈക്കോടതി ഹിന്ദിയിൽ ഒരു ഭാഗം ഉദ്ധരിച്ചതിൽ ഹർജിയിൽ ഒരു പിഴവ് ചൂണ്ടിക്കാട്ടി. ഈ പിഴവ് തിരുത്താമെന്ന് ഉറപ്പുനൽകിയ അഭിഭാഷകൻ, ഷെഡ്യൂൾ ചെയ്ത പ്രകാരം വാദം കേൾക്കാൻ കോടതിയോട് അഭ്യർത്ഥിച്ചു. ഈ കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞേക്കുമെന്നും സംസ്ഥാനത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു.

ഈ ആഴ്ച ആദ്യം, 2006 ജൂലൈ 11 ന് മുംബൈ വെസ്റ്റേൺ റെയിൽവേ ലോക്കൽ ലൈനിൽ നടന്ന സ്ഫോടന പരമ്പരയിൽ പങ്കുണ്ടെന്ന് ആരോപിച്ച് അഞ്ച് പ്രതികൾക്ക് വധശിക്ഷയും (ഒരാൾ ഇതിനോടകം മരണപ്പെട്ടു) ഏഴ് പേർക്ക് ജീവപര്യന്തവും വിധിച്ച 2009ലെ വിചാരണക്കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോടതി വിധി 'ഞെട്ടിപ്പിക്കുന്നതാണെന്ന്' മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിശേഷിപ്പിക്കുകയും ഇതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

പ്രോസിക്യൂഷൻ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടു എന്നാണ് ജസ്റ്റിസുമാരായ അനിൽ കിലൂർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിച്ചത്. പ്രതികൾ കുറ്റം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും കോടതി നിരീക്ഷിച്ചു. എടിഎസ് ഉദ്യോഗസ്ഥർ നടത്തിയ പീഡന ആരോപണങ്ങളും കോടതി എടുത്തുപറഞ്ഞു. ആക്രമണങ്ങൾക്ക് ശേഷം വേഗത്തിൽ ഫലം നൽകാൻ അന്വേഷകർക്ക് സമ്മർദ്ദമുണ്ടായതായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡിനെക്കുറിച്ച് പ്രതിഭാഗം ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പല സാക്ഷികളും അസാധാരണമാംവിധം ദീർഘകാലം മൗനം പാലിക്കുകയും പിന്നീട് പെട്ടെന്ന് പ്രതികളെ തിരിച്ചറിയുകയും ചെയ്തു. ഇത് അസ്വാഭാവികമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഒരു സാക്ഷിക്ക് ഘാട്‌കോപ്പർ സ്ഫോടനക്കേസ് ഉൾപ്പെടെ ബന്ധമില്ലാത്ത നിരവധി ക്രൈം ബ്രാഞ്ച് കേസുകളിൽ മൊഴി നൽകിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. ഇത് അദ്ദേഹത്തിന്റെ മൊഴി വിശ്വസനീയമല്ലാത്തതാക്കുന്നു. വർഷങ്ങൾക്ക് ശേഷം പ്രതികളെ പെട്ടെന്ന് എങ്ങനെ ഓർത്തെടുക്കാനും തിരിച്ചറിയാനും കഴിഞ്ഞുവെന്ന് വിശദീകരിക്കാൻ മറ്റ് പലർക്കും കഴിഞ്ഞില്ല.

നടപടിക്രമങ്ങളിലെ വീഴ്ചകളും ജഡ്ജിമാർ എടുത്തുപറഞ്ഞു. ചില സാക്ഷികളെ വിചാരണ വേളയിൽ ചോദ്യം ചെയ്തില്ല. ആർഡിഎക്സും മറ്റ് സ്ഫോടക വസ്തുക്കളും പോലുള്ള വീണ്ടെടുക്കലുകൾ സംബന്ധിച്ച് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ എത്തുംവരെ തെളിവുകൾ പരിശുദ്ധമാണെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ബെഞ്ച് പറഞ്ഞു. 2006ലെ മുംബൈ ട്രെയിൻ സ്ഫോടനങ്ങൾ ഇന്ത്യയിലെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്നു. വെസ്റ്റേൺ റെയിൽവേ ലൈനിൽ തിരക്കുള്ള സമയത്ത് ഏഴ് ബോംബുകളാണ് ഒന്നാം ക്ലാസ് കമ്പാർട്ട്മെന്റുകളിൽ പൊട്ടിത്തെറിച്ചത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം