
ദില്ലി: സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആക്ടിവിസ്റ്റ് ടീസ്റ്റ് സെറ്റല്‍വാദിന്‍റെ എന്‍ജിഒ ആയ ജസ്റ്റീസ് ആന്‍റ് പീസ് ഹര്‍ജി ഉന്നയിച്ചപ്പോഴാണ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉറപ്പ് നല്‍കിയത്. സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അഭിഭാഷകന്‍ സി.യു സിംഗ് ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇഷ്ടപ്പെട്ട മത വിശ്വാസം തെരഞ്ഞെടുക്കാനുള്ള അവകാശം മൗലീക അവകാശത്തിന്‍റെ ഭാഗാണെന്ന് ഹാദിയ കേസില്‍ കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വിഷയം പരിഗണിക്കാന്‍ ഒരു തീയതി നിശ്ചയിച്ച് തരാം എന്നായിരുന്നു ചീഫ് ജസ്റ്റീസ് നല്‍കിയ ഉറപ്പ്. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ക്കെതിരേയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. പിന്നീട് മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും പാസായ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ക്കെതിരേയും പരാതിയെത്തി.
നിയമങ്ങള്‍ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതാണെന്ന് അഭിഭാഷക തനിമ കിഷോറും ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യങ്ങളുടെ തന്നെ ലംഘനമാണിതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളില്‍ പാസാക്കിയിരിക്കുന്ന നിയമങ്ങളും ഓര്‍ഡിനന്‍സും വിവേചനപരമാണെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ സംസ്ഥാന നിയമങ്ങള്‍ എതിരാണെന്നും ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജിയും സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam