
ദില്ലി: ലൈംഗിക അതിക്രമ കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഇരയായ പെണ്‍കുട്ടിയുടെ കൈയില്‍ രാഖി കെട്ടികൊടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്ര വിധി സുപ്രീം കോടതി റദ്ദാക്കി. മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് ഒമ്പത് വനിത അഭിഭാഷകര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
പ്രതിയോട് ഇരയുടെ വീട്ടില്‍ ചെന്ന് രാഖി കെട്ടാനുള്ള വിധി ഇരയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുമെന്ന് അഭിഭാഷകര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 2020 ഏപ്രിലില്‍ നടന്ന ലൈംഗിക അതിക്രമ കേസില്‍ ജാമ്യം തേടിയ പ്രതിയോടാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് ഇരയ്ക്ക് രാഖി കെട്ടിക്കൊടുക്കാന്‍ നിര്‍ദേശിച്ചത്. ഉജ്ജൈനിൽ അയൽവാസിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി നല്‍കിയ കേസിലാണ് നടപടി.
രക്ഷാബന്ധന്‍ ദിനത്തില്‍ ഇരയുടെ വീട്ടിലെത്തി കയ്യില്‍ രാഖി കെട്ടണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി ഇത്തരം കേസുകളിൽ സൂക്ഷമമായ നടപടി എടുക്കണമെന്ന് ചൂണ്ടിക്കാട്ടി. പരാതിക്കാരൻ അനുഭവിച്ച ആഘാതത്തെ നിസാരവല്‍ക്കരിച്ചുവെന്ന ഹര്‍ജിക്കാരുടെ അഭിപ്രായത്തെ കോടതി അനുകൂലിച്ചു.
ലൈംഗിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസുകളില്‍ വിധി പറയുമ്പോള്‍ ഒരു കോടതികളും സ്ത്രീയും പ്രതിയും തമ്മിലുള്ള ഒത്തുതീർപ്പിനെക്കുറിച്ച് ഒരു ധാരണയും നിർദ്ദേശിക്കുകയോ, അത്തരം നടപടികളെ പ്രോത്സാഹിപ്പിക്കാനോ പാടില്ലെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam