കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസില്‍ സിസിടിവി സ്ഥാപിക്കാത്തതെന്ത്? കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

By Web TeamFirst Published Mar 2, 2021, 4:42 PM IST
Highlights

 ഉത്തരവ് ഇറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും അത് നടപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.  
 

ദില്ലി: പൊലീസ് സ്റ്റേഷനുകളിലും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഉത്തരവ് ഇറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും അത് നടപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.  

മൂന്ന് ആഴ്ച്ചയ്ക്കകം കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിൽ സിസിടിവി സ്ഥാപിക്കാനുള്ള നടപടികൾ എന്തൊക്കെ എന്ന് വിശദീകരിച്ചുള്ള സത്യവാംങ്മൂലം നൽകാൻ ജസ്റ്റിസ് റോഹിന്‍റൻ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരുകൾ ഒരുമാസത്തിനുള്ളിൽ പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്നതിനായി പണം നീക്കിവെക്കണം. പിന്നീട് നാല് മാസത്തിനുള്ളിൽ സിസിടിവികൾ സ്ഥാപിക്കണം. 

തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് ഇതിനായി ഡിസംബര്‍ 31 വരെ സമയം നൽകി. കസ്റ്റഡി പീഡനം തടയുന്നതിന്‍റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി ഇറക്കിയത്. 
 

click me!