ഹരിയാന പൊലീസിൽ നിന്ന് ഏ‌ൽക്കേണ്ടിവന്നത് ക്രൂരപീഡനം; വെളിപ്പെടുത്തലുമായി നോദ്ദീപ് കൗർ

By Web TeamFirst Published Mar 2, 2021, 11:14 AM IST
Highlights

സമാധാനപരമായി നടത്തിയ സമരത്തിന് നേരെ പൊലീസ് അതിക്രമം നടത്തിയെന്ന് പറഞ്ഞ നോദ്ദീപ് യുവാക്കളെ ഭയപ്പെടുത്താനാണ് സർക്കാർ ശ്രമമെന്നും ആരോപിച്ചു. യുവജനങ്ങൾ പ്രക്ഷോഭത്തിന്റെ ഭാഗമാകുന്നത് തടയാനാണ് സർക്കാർ ശ്രമം.

ദില്ലി: ജയിലിൽ പുരുഷ പൊലീസുകാരിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സിംഘുവിൽ നിന്ന് അറസ്റ്റിലായ ദളിത് പൗരാവകാശ പ്രവർത്തക നോദ്ദീപ് കൗർ. തനിക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകൾക്കും സമാനമായ അനുഭവമാണ് ജയിലിൽ  ഉണ്ടായതെന്നും നോദ്ദീപ് കൗർ വെളിപ്പെടുത്തി. കേന്ദ്ര സർക്കാരിനെതിരായ സമരത്തിൽ യുവജനങ്ങൾ പങ്കെടുക്കുന്നത് തടയാനാണ് തന്നെയും ദിശ രവിയെയും അടക്കം കള്ളക്കേസിൽ പെടുത്തി അറസ്റ്റ് ചെയ്തതെന്നും നോദ്ദീപ് കൗർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിംഘുവിൽ ക‌ർഷകസമരത്തിനിടെ അറസ്റ്റിലായ ഇരുപത്തിയൊന്ന് വയസുകാരി നോദ്ദീപ് കൗർ ഒന്നരമാസത്തിന് ശേഷമാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. 

സമാധാനപരമായി നടത്തിയ സമരത്തിന് നേരെ പൊലീസ് അതിക്രമം നടത്തിയെന്ന് പറഞ്ഞ നോദ്ദീപ് യുവാക്കളെ ഭയപ്പെടുത്താനാണ് സർക്കാർ ശ്രമമെന്നും ആരോപിച്ചു. യുവജനങ്ങൾ പ്രക്ഷോഭത്തിന്റെ ഭാഗമാകുന്നത് തടയാനാണ് സർക്കാർ ശ്രമം. ഇതിന് പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ തിരിഞ്ഞു പിടിച്ചു കള്ളക്കേസിൽ പെടുത്തുന്നു. ഇവിടെ സംഭവിച്ചത് അതാണ്. ഈ നീക്കം വിലപ്പോകില്ല. തനിക്കും ദിശരവിക്കും സംഭവിച്ചത് സമാനമായ അനുഭവമാണെന്നും നൊദ്ദീപ് പറയുന്നു. 

കേരളത്തിൽ നിന്നടക്കം ലഭിച്ച പിന്തുണക്ക് നോദ്ദീപ് കൗർ നന്ദി അറിയിച്ചു. ജനാധിപത്യ വിരുദ്ധമായ നടപടികൾക്കതിരെ ഇനിയും ശബ്ദം ഉയരണമെന്നും നോദ്ദീപ് ആവശ്യപ്പെട്ടു. 

click me!