
ദില്ലി: കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മറ്റ് സംസ്ഥാനങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത് സ്വീകരിക്കാത്ത് എന്തെന്ന് കോടതി ചോദിച്ചു. നാഗാലാൻഡിലെ സ്ത്രീ സംവരണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമർശനം.
നാഗാലാൻഡിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകണമെന്ന് നാഗാലാൻഡ് സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് സംസ്ഥാന സർക്കാർ നടപ്പാക്കിയില്ല. ഈ ഉത്തരവ് പാലിക്കുന്നില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജിയ ഒടുവിൽ സുപ്രീംകോടതിയിലെത്തി. ഇന്ന് ഈ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൌൾ രൂക്ഷ വിമർശനം ഉയർത്തിയത്. നിങ്ങൾക്ക് വഴങ്ങാത്ത സംസ്ഥാനസർക്കാരുകൾക്ക് എതിരെ കടുത്തനടപടികൾ സ്വീകരിക്കുന്നു, എന്നാൽ സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ തത്വങ്ങൾ ലംഘിക്കപ്പെട്ടാൽ പോലും ഇടപെടുന്നില്ലെന്ന് കോടതി വിമർശിച്ചു.
നാഗാലാൻഡിൽ സ്ത്രീകൾക്ക് സംവരണം നൽകുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പറഞ്ഞ കോടതി മണിപ്പൂരിലെ അക്രമസംഭവങ്ങളെക്കുറിച്ചും വാദം കേൾക്കുന്നതിനിടെ പരാമർശം നടത്തി. നാഗാലാൻഡിലെ വിഷയത്തിൽ കേന്ദ്രസർക്കാരിന് അവസാനഅവസരം നൽകുകയാണെന്ന് നിരീക്ഷിച്ച് കോടതി ഇടക്കാല ഉത്തരവും ഇറക്കി. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്രം ഇടപെടുന്നു എന്ന പരാതിക്കിടെയാണ് പരമോന്നത കോടതിയുടെ ഈ നീരീക്ഷണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam