നടൻ പുറത്ത്, ഞാൻ അകത്തെന്ന് സുനി; 'അതീവഗുരുതര ആരോപണം നേരിടുന്ന വ്യക്തി'യെന്ന് സുപ്രീംകോടതി, ഇന്ന് നടന്നതെന്ത്?

Published : Jul 13, 2022, 05:28 PM IST
നടൻ പുറത്ത്, ഞാൻ അകത്തെന്ന് സുനി; 'അതീവഗുരുതര ആരോപണം നേരിടുന്ന വ്യക്തി'യെന്ന് സുപ്രീംകോടതി, ഇന്ന് നടന്നതെന്ത്?

Synopsis

അതിജീവിതയുടെ മൊഴിയടക്കം ചൂണ്ടികാട്ടി ജാമ്യം നൽകരുതെന്ന് സർക്കാർ ശക്തമായി വാദിച്ചപ്പോൾ നടൻ അടക്കം പുറത്തിറങ്ങിയിട്ടും അഞ്ച് വർഷമായി സുനി മാത്രം ജയിലിലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയിലെത്തിയതുമുതൽ ഏവരും ആകാക്ഷയോടെയാണ് കാര്യങ്ങൾ നോക്കിക്കണ്ടത്. ഹർജി പരിഗണിച്ച സുപ്രീംകോടതി അധികം വൈകാതെ തന്നെ ജാമ്യാപേക്ഷ തള്ളിക്കളയുകയായിരുന്നു. പക്ഷേ കോടതിക്കുള്ളിൽ അതിശക്തമായ വാദപ്രതിവാദങ്ങളാണ് ഇന്നുണ്ടായത്. അതിജീവിതയുടെ മൊഴിയടക്കം ചൂണ്ടികാട്ടി ജാമ്യം നൽകരുതെന്ന് സർക്കാർ ശക്തമായി വാദിച്ചപ്പോൾ നടൻ അടക്കം പുറത്തിറങ്ങിയിട്ടും അഞ്ച് വർഷമായി സുനി മാത്രം ജയിലിലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഏറ്റവും ഒടുവിൽ അതീവഗുരുതരമായ ആരോപണം നേരിടുന്ന വ്യക്തിയെന്ന് ചൂണ്ടികാട്ടിയാണ് സുപ്രീം കോടതി പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്. എന്തൊക്കെയാണ് ഇന്ന് സുപ്രീം കോടതിയിൽ നടന്നതെന്ന് നോക്കാം.

അതിജീവിതയുടെ മൊഴി ചൂണ്ടികാട്ടി, ജാമ്യാപേക്ഷ എതിർത്ത് സർക്കാർ

പൾസർ സുനിയുടെ ജാമ്യാപേക്ഷക്കെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ മുന്നോട്ട് വച്ചത് അതിശക്തമായ വാദങ്ങളായിരുന്നു. പൾസർ സുനി കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണെന്ന് സർക്കാർ കോടതിയിൽ വാദിച്ചു.  പൊലീസിലും കോടതിയിലും അതിജീവിത കൃത്യമായ മൊഴി സുനിക്കെതിരെ നൽകിയിട്ടുണ്ട്. അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ സുനി മൊബൈലിൽ പകർത്തി. മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പോലെ സുനിക്ക് ജാമ്യം അനുവദിക്കാൻ പാടില്ല. കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ നടപടി കുറ്റകരമാണെന്നും സംസ്ഥാന സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിഷേ രാജന്‍ ഷൊങ്കർ രാജയും വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് ശാസ്ത്രീയ പരിശോധനാ ഫലം

നടൻ പുറത്ത്, അഞ്ചര വർഷമായി ഞാൻ ജയിലിലെന്ന് സുനിയുടെ വാദം

അതേസമയം മറ്റു പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടും അഞ്ചരവർഷമായി സുനി ജയിലാണെന്നായിരുന്നു പ്രതിയുടെ അഭിഭാഷകർ വാദിച്ചത്. ക്വട്ടേഷന്‍ നല്‍കിയ നടൻ വരെ പുറത്തിറങ്ങി. വിചാരണ നീളുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകരായ  ശ്രീറാം പ്രാക്കാട്ട്, സതീഷ് മോഹനന്‍ എന്നിവർ പള്‍സര്‍ സുനിക്കുവേണ്ടി വാദിച്ചു.

അരോപണം അതീവ ഗുരുതരം, ജാമ്യമില്ലെന്ന് സുപ്രീംകോടതി

എന്നാൽ പൾസർ സുനി അതീവ ഗുരുതരമായ ആരോപണം നേരിടുന്ന വ്യക്തിയാണെന്നാണ് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടിയത്. പ്രതിക്ക് എതിരായ ആരോപണങ്ങളിൽ  അതീജീവിത ഉറച്ച് നിൽക്കുയാണെന്നും കോടതി വ്യക്തമാക്കി. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അതേസമയം വിചാരണ സമയബന്ധിതമായി പൂർത്തിയായില്ലെങ്കിൽ പൾസർ സുനിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. എന്നാൽ  തുടരന്വേഷണത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന്  വ്യക്തമാക്കിയ  സംസ്ഥാന സർക്കാർ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കുമെന്നും കോടതിയെ അറിയിച്ചു.

പള്‍സര്‍ സുനിയുടെ ജാമ്യേപക്ഷ സുപ്രീംകോടതി തള്ളി,അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് കോടതി

PREV
Read more Articles on
click me!

Recommended Stories

ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി
വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ