
ദില്ലി:ജല്ലിക്കട്ട് തമിഴ് സംസ്കാരത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രിം കോടതി. സംസ്ഥാനത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോൾ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാവില്ല.നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്.അതിൽ തെറ്റുണ്ടെന് കണ്ടെത്താനായില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജല്ലിക്കട്ട് സംരക്ഷിക്കുന്ന തമിഴ് നാട്, മഹാരാഷ്ട്ര സർക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗ സ്നേഹികൾ നൽകിയ ഹർജിയിലാണ് വിധി.ജല്ലിക്കട്ട് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഇതിനെ മറിക്കടക്കാൻ നിയമം കൊണ്ടുവന്നിരുന്നു അനുഛേദം 29 (1) ഉൾപ്പെടുത്തി സംരക്ഷണം നൽകിയത് ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധാ ബോസാണ് വിധി പറഞ്ഞത്.
കേസിന്‍റെ നാള്‍വഴി
• 2006 മാർച്ച് 2 : മദ്രാസ് ഹൈക്കോടതി ജല്ലിക്കട്ട് നിരോധിക്കുന്നു.
• 2007 ജനുവരി 10 : ജല്ലിക്കട്ട് നടത്തിപ്പുകാർ കൊടുത്ത അപ്പീലിന്മേൽ സിംഗിൾ ബെഞ്ച് ഉത്തരവ്, ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്യുന്നു.
• 2007 മാർച്ച് 9 : ജല്ലിക്കട്ടിനു മാനദണ്ഡങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം.
• 2007 ജൂലൈ 27 : ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് AWB സുപ്രീം കോടതിയിൽ. വിധി സ്റ്റേ ചെയ്യപ്പെടുന്നു.
• 2009 ജൂലൈ 21 : ഡിഎംകെ സർക്കാർ തമിഴ്നാട് ജല്ലിക്കട്ട് നിയന്ത്രണ നിയമം കൊണ്ടുവരുന്നു. ജെല്ലിക്കെട്ടിന് വീണ്ടും സാഹചര്യം.
• 2011 ഏപ്രിൽ 8 : ഈ നിയമത്തെ PETA സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നു.
• 2011 ജൂലൈ 11 : കാളകളെ പ്രകടനങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുന്നു.
• 2014 മെയ് 7 : AWBI , PETA എന്നീ സംഘടനകൾ നൽകിയ ഹർജിയിന്മേൽ വാദം കേൾക്കുന്ന സുപ്രീം കോടതി, ജല്ലിക്കട്ട് വീണ്ടും നിരോധിക്കുന്നു.
• 2017 ജനുവരി 23 : തമിഴ്നാട് സർക്കാർ ജല്ലിക്കട്ട് ബിൽ കൊണ്ടുവരുന്നു. അതോടെ PCA നിയമ ഭേദഗതി നടപ്പിൽ വരുന്നു, ജല്ലിക്കട്ട് നടത്താനുള്ള തടസ്സങ്ങൾ നീങ്ങുന്നു.
• 2017 ജനുവരി 24 : ഈ ഭേദഗതിയെ AWBI , PETA എന്നീ സംഘടനകൾ സുപ്രീം കോടതിയിൽ വീണ്ടും ചോദ്യം ചെയ്യുന്നു.
• 2018ഫെബ്രുവരി 2 : സുപ്രീം കോടതി ജല്ലിക്കട്ട് സംബന്ധിച്ച എല്ലാ കേസുകളും ഭരണഘടനാ ബെഞ്ചിന് വിടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam