
ദില്ലി: ഗുജറാത്ത് കലാപത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സാക്കിയ ജാഫ്രി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി.
കലാപത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഈ സാഹചര്യത്തിൽ മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി റദ്ദാക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയിരുന്നത്. എന്നാൽ ഹർജി പരിഗണിച്ച സുപ്രീംകോടതി, മോദി ഉൾപ്പെടെ 64 പേർക്ക് അന്വേഷണ സംഘം ക്ലീൻചിറ്റ് നൽകിയ നടപടി ശരിവച്ചു. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. 2002ൽ നടന്ന ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ ഭാര്യയാണ് ഹർജി നൽകിയ സാക്കിയ ജാഫ്രി.
ഗുജറാത്ത് കലാപക്കേസിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘമാണ് ക്ലീൻ ചിറ്റ് നൽകിയത്. ഇത് ചോദ്യം ചെയ്തുള്ള സാക്കിയ ജാഫ്രിയുടെ ഹർജി കഴിഞ്ഞവർഷം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
2002-ൽ അഹമ്മദാബാദിൽ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തില്‍ 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2,500 ഓളം ആളുകൾക്ക് പരിക്കേൽക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, ഈ കലാപത്തിൽ ഏതാണ്ട് 2000 നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു. കൊലപാതകങ്ങൾ കൂടാതെ, കൊള്ളയും, ബലാത്സംഗങ്ങളും കലാപാത്തിനിടെ നടന്നതായും ആരോപണം ഉയർന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam