കൊവിഡിന് മരുന്ന് കണ്ടെത്തിയെന്ന ഹര്‍ജിയുമായെത്തിയ ആയുര്‍വേദ ഡോക്ടര്‍ക്ക് പിഴയിട്ട് സുപ്രീം കോടതി

By Web TeamFirst Published Aug 21, 2020, 2:17 PM IST
Highlights

ബിഎഎംഎസ് ബിരുദധാരിയായ ഓംപ്രകാശ് താന്‍ നിര്‍മ്മിച്ച മരുന്ന കൊവിഡിനെതിരെ പ്രയോഗിക്കാന്‍ അനുവദിക്കണമെന്നും അതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ദില്ലി: കൊവിഡിനെതിരായ മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട ആയുര്‍വേദ ഡോക്ടര്‍ക്ക് പിഴയിട്ട് സുപ്രീം കോടതി. നിലവാരമില്ലാത്ത അവകാശവാദങ്ങള്‍ ഉയര്‍ത്തി കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴ ചുമത്തിയത്. ഹരിയാന സ്വദേശിയായ ആയുര്‍വേദ ഡോക്ടറായ ഓംപ്രകാശ് വൈദ്യഗ്യന്ത്രയ്ക്ക് 10000 രൂപ പിഴയാണ് കോടതി വിധിച്ചത്. 

രാജ്യത്തെ ഡോക്ടര്‍മാരും ഗവേഷകരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകിയിരിക്കുമ്പോള്‍ തെറ്റായ വാദങ്ങളോടെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിക്ക് രൂക്ഷ വിമര്‍ശനമാണ് കോടതിയില്‍ നിന്ന് നേരിട്ടത്. ബിഎഎംഎസ് ബിരുദധാരിയായ ഓംപ്രകാശ് താന്‍ നിര്‍മ്മിച്ച മരുന്ന കൊവിഡിനെതിരെ പ്രയോഗിക്കാന്‍ അനുവദിക്കണമെന്നും അതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഈ മരുന്ന് കൊവിഡിനെതിരെ ഫലപ്രദമാണ് എന്നായിരുന്നു ഓംപ്രകാശിന്‍റെ അവകാശവാദം.

കോടതിയുടെ സമയം കളയാനായി ഇത്തരം പൊതുതാല്‍പര്യ ഹര്‍ജികളുമായി എത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഓംപ്രകാശിനുള്ള ശിക്ഷയെന്നും കോടതി വ്യക്തമാക്കി. ഓരോ ദിവസവും ഓരോ നിമിഷവും ഒരുപാട് പേരാണ് ഈ അസുഖത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കഴിയുന്നത്. ഇത്തരം സാഹചര്യത്തില്‍ അനാവശ്യ ഹര്‍ജികളുമായി കോടതിയുടെ സമയം കളയുന്നത് ഉചിതമല്ലെന്നും ഓംപ്രകാശിനോട് കോടതി പറഞ്ഞു. പ്രശസ്തി നേടാന്‍ ആഗ്രഹിച്ചാണ് ഇത്തരം ഹര്‍ജിയുമായി ഓംപ്രകാശ് കോടതിയിലെത്തിയതെന്നും ജസ്റ്റിസ് സഞ്ജയ് കെ കൌളിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. നാല് ആഴ്ചകള്‍ക്കുള്ളില്‍ പിഴത്തുക അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്. 

click me!