ഷീന ബോറ കൊലക്കേസ്; ആറര വര്‍ഷത്തിന് ശേഷം ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം

By Web TeamFirst Published May 18, 2022, 12:22 PM IST
Highlights

2015 ൽ ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവർ റോയ് തോക്കുമായി പിടിയിലായതിനെ തുടര്‍ന്നാണ് ഷീന ബോറ കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്.

ദില്ലി: ഷീന ബോറ വധക്കേസിൽ (sheena bora murder case) ഇന്ദ്രാണി മുഖർജിക്ക് (Indrani Mukerjea) സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇന്ദ്രാണി മുഖര്‍ജിയ്ക്ക് ജാമ്യം ലഭിച്ചത്. വിചാരണ ഉടൻ അവസാനിക്കില്ലെന്നും കോടതി പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ പീറ്റർ മുഖർജി 2020 ഫെബ്രുവരി മുതൽ ജാമ്യത്തിലാണ്.  2021 നവംബറിൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച പ്രത്യേക ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ്.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുപത്തിനാലുകാരിയായ മകൾ ഷീന ബോറയെ 2012 ഏപ്രിൽ മാസത്തിൽ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവർ ശ്യാംവർ റായിയുടെയും സഹായത്തോടെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹം റായ്ഗഡ് ജില്ലയിലെ വനാന്തർഭാഗത്ത് കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ച് കളഞ്ഞുവെന്നാണ് കേസ്. 2015 ൽ ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവർ റോയ് തോക്കുമായി പിടിയിലായതിനെ തുടര്‍ന്നാണ് ഷീന ബോറ കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്. ഷീനയും ഇന്ദ്രാണിയും സഹോദരിമാരാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് ഷീന ഇന്ദ്രാണിയുടെ മകളാണെന്ന വിവരം പുറത്തായത്. 2015 ലാണ് ഇന്ദ്രാണി അറസ്റ്റിലാവുന്നത്. 
 

click me!