നാവിക സേനയിലും വനിതകൾക്ക് തുല്യ അവകാശം നല്‍കണമെന്ന് സുപ്രീംകോടതി

By Web TeamFirst Published Mar 17, 2020, 11:32 AM IST
Highlights

പുരുഷ ഉദ്യോഗസ്ഥരെ പോലെ സ്ത്രീകൾക്കും തുല്യത ഉറപ്പുവരുത്തണം. കരസേനയിലും നാവിക സേനയിലും  സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

ദില്ലി:  ഇന്ത്യൻ നാവിക സേനയിലും വനിതകൾക്ക് സ്ഥിരം കമ്മീഷൻ ഉറപ്പാക്കി സുപ്രീം കോടതി. പുരുഷ ഉദ്യോഗസ്ഥർക്കുള്ള എല്ലാ അവകാശവും സ്ത്രീകൾക്കും ഉണ്ടാകണമെന്നും കോടതി വിധിച്ചു. നേരത്തേ യുദ്ധമേഖലയിൽ ഒഴിച്ച് കരസേന സേനാ യൂണിറ്റുകളുടെ തലപ്പത്ത് വനിത ഉദ്യോഗസ്ഥരെ നിയമിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

സ്ത്രീകൾക്ക് ശാരീരിക പരിമിതിയുണ്ടെന്ന കേന്ദ്ര സർക്കാർ വാദം തള്ളിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചിന്‍റെ വിധി. എതിർപ്പ് ഉന്നയിച്ചുള്ള വാദങ്ങൾ വാർപ്പ് മാതൃകകൾ മാത്രമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പുരുഷന്മാരുടെ അതേ കാര്യക്ഷമതയിൽ സ്ത്രീകൾക്കും തുടരാനാകണം. രാജ്യത്തെ സേവിക്കുന്ന നാവിക സേനയിലെ വനിതകൾക്ക് സ്ഥിരം കമ്മീഷൻ നിഷേധിക്കുന്നത് ഗുരുതരമായ അനീതിയാണ്. കോടതിക്ക് ലിംഗ നീതി ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. മൂന്ന് മാസത്തിനുള്ളിൽ നിർദ്ദേശങ്ങൾ നടപ്പാക്കാനാണ് കേന്ദ്ര സര്ക്കാരിനുള്ള നിര്‍ദ്ദേശം.

സുപ്രീംകോടതി വിധിയോടെ വനിതകളുടെ വിരമിക്കൽ പ്രായം പുരുഷന്മാരുടേതിന് തുല്യമാകും. പതിനാല് വർഷം മാത്രം ജോലി ചെയ്യാനാകുന്ന ഷോർട്ട് സർവീസ് കമ്മീഷൻ അടിസ്ഥാനത്തിലാണ് നിലവിൽ വനിതകളെ നാവിക സേനയിൽ നിയമിച്ചിരുന്നത് . കഴിഞ്ഞ മാസം പതിനേഴിന് കരസേനയിലെ വനിതകൾക്ക് സ്ഥിരം കമ്മീഷൻ ഉറപ്പാക്കിക്കൊണ്ട് കോടതി വിധി പറഞ്ഞിരുിന്നു. കരസേന കേസിൽ വിധിയെഴുതിയ അതേ ബഞ്ചാണ് നാവിക സേനയിലെ വനിതകൾക്കും തുല്യത ഉറപ്പാക്കിയത്.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!