കടൽക്കൊല: കേസ് അവസാനിപ്പിക്കുന്നത് ഇറ്റലി പണം കെട്ടിവച്ച ശേഷം ആലോചിക്കാമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി

By Web TeamFirst Published Apr 9, 2021, 11:17 PM IST
Highlights
  • കടൽക്കൊല കേസിൽ ശക്തമായ നിലപാട് 
  • നഷ്ടപരിഹാര തുക ആദ്യം കെട്ടിവെക്കണമെന്ന് സുപ്രീംകോടതി
  • നഷ്ടപരിഹാരം കിട്ടിയാൽ കേസ് അവസാനിപ്പിക്കുന്ന കാര്യം ആലോചിക്കാം
  • കേസ് അടുത്ത 19 ലേക്ക് മാറ്റിവെച്ചു
  • ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാര തുക കെട്ടിവെക്കണം
  • പണം കെട്ടിവെക്കാൻ തയ്യാറെന്ന് ഇറ്റാലിയൻ സര്‍ക്കാര്‍
     

ദില്ലി: കടൽക്കൊല കേസിൽ മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമക്കും നൽകേണ്ട നഷ്ടപരിഹാരമായ 10 കോടി രൂപ ഒരാഴ്ചക്കുള്ളിൽ കെട്ടിവെക്കാൻ ഇറ്റലിക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. പണം നിക്ഷേപക്കേണ്ട അക്കൗണ്ട് നമ്പര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇറ്റലിക്ക് നൽകണം. പണം കൈമാറാതെ കേസ് അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

ഇറ്റാലിയൻ നാവികര്‍ പ്രതികളായ കേരളത്തിലെ കടൽക്കൊല കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി ഇടപെടൽ. കൊല്ലപ്പെട്ട രണ്ട് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടാതെ കേസ് അവസാനിപ്പിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

നഷ്ടപരിഹാരം നൽകാൻ തയ്യാറെന്നും അക്കൗണ്ട് നമ്പര്‍ നൽകിയാൽ പണം കൈമാറാമെന്നും ഇറ്റലി അറിയിച്ചു. ഇതോടെയാണ് ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാര തുക കെട്ടിവെക്കാൻ ഇറ്റലിക്ക് കോടതി സമയം നൽകിയത്. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും നഷ്ടപരിഹാരം നൽകാമെന്നായിരുന്നു ഇറ്റലിയുടെ വാഗ്ദാനം. 

ഈ തുക കെട്ടിവെക്കാനുള്ള അക്കൗണ്ട് നമ്പര്‍ വിദേശകാര്യ മന്ത്രാലയം ഇറ്റലിക്ക് നൽകണം. കിട്ടുന്ന പണം വിദേശകാര്യ മന്ത്രാലയം സുപ്രീംകോടതിയിൽ കൈമാറണം. അതിന് ശേഷം കേസ് അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി കേസ് വരുന്ന 19 ലേക്ക് മാറ്റിവെച്ചു. നഷ്ടപരിഹാരം ഉറപ്പാക്കാതെ കേസ് അവസാനിപ്പിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര കോടതി നിര്‍ദ്ദേശ പ്രകാരം നഷ്ടപരിഹാരം നൽകാൻ ഇറ്റലി സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ കടൽകൊല കേസ് അവസാനിപ്പിക്കണം എന്നതായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യം. 2012ലാണ് കേരളത്തിലെ സമുദ്രാതിര്‍ത്തിയിൽ മലയാളിയടക്കം രണ്ട് മത്സ്യ തൊഴിലാളികൾ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചത്.

click me!