സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഫാറൂഖിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, ഫാറൂഖ് കുറ്റം സമ്മതിച്ചെന്നും മൃതദേഹം എവിടെയാണ് കുഴിച്ചിട്ടതെന്ന് പറഞ്ഞെന്നും പൊലീസ് സൂപ്രണ്ട്
ലഖ്നൌ: ഉത്തർപ്രദേശിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട് യുവാവ്. യുപിയിലെ ഷാംലിയിൽ താഹിറ (35), മക്കളായ ഷരീൻ (14), അഫ്രീൻ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. താഹിറയുടെ ഭർത്താവ് ഫാറൂഖ് പിടിയിലായി. ഭാര്യ ബുർഖ ധരിക്കാതെ പുറത്തുപോയതാണ് പ്രകോപനമെന്ന് പൊലീസ് പറഞ്ഞു.
താഹിറയെയും രണ്ട് മക്കളെയും കാണാതായി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഗ്രാമത്തലവനാണ് മൂവരെയും കാണാതായതായി ചൊവ്വാഴ്ച പൊലീസിൽ റിപ്പോർട്ട് ചെയ്തത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഫാറൂഖിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, ഫാറൂഖ് കുറ്റം സമ്മതിച്ചെന്നും മൃതദേഹം എവിടെയാണ് കുഴിച്ചിട്ടതെന്ന് പറഞ്ഞെന്നും പൊലീസ് സൂപ്രണ്ട് എൻ പി സിംഗ് അറിയിച്ചു. എസ്പിയുടെ നേതൃത്വത്തിൽ വലിയ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി മൂന്ന് മൃതദേഹം പുറത്തെടുത്തു.
താഹിറ ഫാറൂഖിനോട് കുറച്ച് പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് ദേഷ്യത്തിൽ താഹിറ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. ഇത് അപമാനമായി ഫാറൂഖിന് തോന്നി എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസത്തിനുശേഷം പ്രതി ഭാര്യയെയും മക്കളെയും വീട്ടിലേക്ക് കൊണ്ടുവന്ന് വെടിവച്ച് കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റളും വെടിയുണ്ടകളും പ്രതിയിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.


