
ദില്ലി: 'ലവ് ജിഹാദ്' നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഉത്തര്‍പ്രദേശ് , ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം, നിയമത്തിന് മേല്‍ സ്റ്റേ ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശ്, കര്‍ണാടക ഹരിയാന അസം സംസ്ഥാനങ്ങളും നിയമം നടപ്പാക്കാനുള്ള നീക്കത്തിനിടയിലാണ് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കാന്‍ സന്നദ്ധമായത്.
നിയമം ഭരണഘടനയുടെ അന്തസത്തയെ ഹനിക്കുന്നതാണെന്നും സെക്യുലറിസത്തെയും സമത്വത്തെയും വെല്ലുവിളിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കിയ നിയമ വിരുദ്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ്, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പാക്കിയ മതസ്വാതന്ത്ര്യ നിയമം എന്നിവയെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആദ്യഘട്ടത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.
അലഹാബാദ്, ഉത്തരാഖണ്ഡ് ഹൈക്കോടതികളില്‍ ഇത് സംബന്ധിച്ച് കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും എസ് എ ബോബ്‌ഡെ ചൂണ്ടിക്കാട്ടി. എന്നാല്‍, വിവിധ സംസ്ഥാനങ്ങള്‍ നിയമം പാസാക്കുന്നതിനാല്‍ സുപ്രീം കോടതി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. മധ്യപ്രദേശും ഹിമാചല്‍പ്രദേശും നിയമം പാസാക്കിയെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്വകാര്യതയെ തകര്‍ക്കുന്നതും പൊലീസിന് ഭരണഘടനാധികാരം നല്‍കുന്നതുമാണ് നിയമമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. കേസ് നാല് ആഴ്ചകള്‍ക്ക് ശേഷം പരിഗണിക്കാമെന്നും കോടതി അറിയിച്ചു.