മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന് ഹര്‍ജി, കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

Published : Sep 05, 2022, 05:26 PM ISTUpdated : Sep 05, 2022, 09:20 PM IST
മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന് ഹര്‍ജി, കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

Synopsis

കേന്ദ്രസർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസയച്ചത്. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിർദേശം. 

ദില്ലി: മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കുന്ന മുസ്ലീം ലീഗ് അടക്കമുള്ള പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. കേന്ദ്രസർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടതി നോട്ടീസയച്ചത്. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം. മതപരമായ ചിഹ്നം ഉപയോഗിച്ച് വോട്ട് തേടുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ഹിന്ദു ഏകതാ ദൾ തുടങ്ങിയ രാഷ്ട്രീയ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വിയാണ് കോടതിയെ സമീപിച്ചത്. 

ജനപ്രാതിനിധ്യ നിയമപ്രകാരം മതപരമായ പേരോ ചിഹ്നമോ ഉപയോഗിച്ച് വോട്ട് തേടാന്‍ പാടില്ല, ഇത് രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാണെന്നും, രണ്ട് പാർട്ടികളും ഈ നിയമം ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഹർജിയില്‍ പറയുന്നു. ജസ്റ്റിസ് എം ആർ ഷാ , ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയില്‍ പറയുന്ന പാർട്ടികൾക്ക് കേസില്‍ കക്ഷി ചേരാനും കോടതി അനുമതി നല്‍കി. കേസ് ഇനി ഒക്ടോബർ 18ന് പരിഗണിക്കും. 

'യൂണിഫോം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തെരഞ്ഞെടുക്കാം'; ഹിജാബ് കേസില്‍ സുപ്രീം കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിന്‍റെ കാര്യത്തില്‍ കോളേജ് ഡെവലപ്മെന്‍റ് കമ്മറ്റികൾക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. കർണാടകയിലെ ഹിജാബ് വിലക്കിനെതിരായ ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കികൊണ്ടുള്ള സർക്കാർ നടപടി ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു വിവിധ സംഘടനകളും വ്യക്തികളും ഹർജി നല്‍കിയത്. ഹിജാബ് ധരിക്കുന്നതില്‍ കേരള ഹൈക്കോടതി അനുകൂലമായി വിധിച്ചിട്ടുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. കേസ് ഇനി ബുധനാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും. 

ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ഹിജാബ് നിരോധനത്തിന് എതിരായ ഹർജികൾ പരിഗണിക്കുന്നത്. മാര്‍ച്ച് 15-നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു കോടതി നിരീക്ഷണം.  മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത തുടങ്ങിയ സംഘടനകളാൺേ ഹിജാബ് നിരോധന ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ, ഹർജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതിനെ കോടതി വിമർശിച്ചു. അടിയന്തരമായി പരിഗണിക്കുന്നില്ലെന്ന് പരാതി ഉയർത്തിയ ഹർജിക്കാർ തന്നെ, കേസ് പരിഗണനയ്ക്ക് വരുമ്പോൾ മാറ്റി വെക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും താൽപ്പര്യമുള്ള ബെഞ്ചിന് മുമ്പാകെ ഹർജി വരുത്തിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു.

സംസ്ഥാന സർക്കാർ നടപടി ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥികൾ ആറ് മാസം മുമ്പേ കോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീം കോടതി ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ തയ്യാറായിരുന്നില്ല. ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുൻപെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ തടസ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. ഈ സ്റ്റേ ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി